sai-seetha-look

TOPICS COVERED

ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന ചരിത്ര സിനിമയാണ് നിധീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ. രണ്ട് ദിവസം മുന്‍പാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ പല വിമര്‍ശനങ്ങളും താരതമ്യങ്ങളുമൊക്കെ വന്നിരുന്നു. ചിത്രം കാണുമ്പോള്‍ ആദിപുരുഷ് ആണ് ഓര്‍മ വരുന്നതെന്നാണ് പലരും പറഞ്ഞത്. ഒപ്പം സീതയായി സായ് പല്ലവി എത്തുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചും പലരും രംഗത്തെത്തി. 

സായ് പല്ലവി സീതയാകാന്‍ അനുയോജ്യയല്ല എന്നതാണ് ഇക്കൂട്ടരുടെ വാദം. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പേ തന്നെ അതായത് ചിത്രം പ്രഖ്യാപിച്ച സമയത്തേ ഇത്തരം അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ സീത ദേവിയുടെ അനുഗ്രഹത്താൽ, ഇതിഹാസം പുനഃസൃഷ്ടിക്കാൻ ദൈവം തിരഞ്ഞെടുത്തവര്‍ക്കൊപ്പം അവരുടെ യാത്രയുടെ ഭാഗമാകാന്‍ എനിക്കും കഴിഞ്ഞു എന്നാണ് ട്രെയിലര്‍ റിലീസിന് ശേഷം സായ് പല്ലവി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചത്.

സിനിമയിലെ ആകെ നെഗറ്റീവ് സായ് പല്ലവിയുടെ വേഷമാണ്, സീതയായി സായ് പല്ലവി മിസ് കാസ്റ്റാണ്, സീതയാകാനുള്ള പ്രത്യേക ലുക്ക് സായ് പല്ലവിക്കില്ല എന്നിങ്ങനെയൊക്കെയാണ് കമൻറുകൾ.സായ് പല്ലവിക്ക് പകരം ഒരു പുതുമുഖത്തിന് റോൾ നൽകാമായിരുന്നു, സായ് പല്ലവിക്ക് പകരം കയാദു ലോഹറായിരുന്നെങ്കിൽ കലക്കിയേനെ എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. 

വിമർശിച്ചവർക്ക് മറുപടി നല്‍കാൻ സായ് പല്ലവിക്കാവുമെന്ന് പറയുന്നവരുമുണ്ട്. സായ് പല്ലവിയിൽ നിന്നും ഇതുവരെ ഒരു മോശം പ്രകടനം ഉണ്ടായിട്ടില്ലല്ലോ എന്ന് ചോദിക്കുന്നവരും ചരിത്ര സിനിമകൾ സായ് പല്ലവിയ്ക്ക് ചെയ്യാനാകില്ലെന്ന് പറയുന്നവർ ശ്യാം സിംഘ റോയ് എന്ന ചിത്രം കാണണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. സിനിമയിലെ സായ് പല്ലവിയുടെ ലുക്ക് പോലും പുറത്ത് വന്നിട്ടില്ലെന്നിരിക്കെയാണ് സോഷ്യൽ മീഡിയയിൽ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നതെന്നതാണ് ശ്രദ്ധേയം. 

ENGLISH SUMMARY:

After the release of the Ramayana teaser, criticism has emerged claiming that Sai Pallavi does not have the right look to portray Sita. Many social media users have expressed doubts about her suitability for the role, sparking debates online.