കഴിഞ്ഞ ദിവസമാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവന്നത്. ഇന്ത്യയില്‍ വച്ച് നിര്‍മിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രത്തിന്‍റെ ടീസര്‍ ഗംഭീര ദൃശ്യങ്ങളാല്‍ വിസ്മയിപ്പിക്കുന്നതാണ്. രാമനായി രണ്‍ബീര്‍ കപൂറും രാവണനായി യഷും സീതയായി സായ് പല്ലവിയുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 

രാമായണ ടീസര്‍ വലിയ സ്വീകാര്യത നേടുന്നതിനൊപ്പം മറ്റൊരു ചിത്രം എയറിലുമായി. മുമ്പ് രാമയണ കഥ സിനിമയാക്കിയ ആദിപുരുഷിനെയാണ് സോഷ്യല്‍ ലോകം ട്രോളുന്നത്. ചിത്രത്തിലെ ജയ് ശ്രീറാം എന്ന പാട്ടിന്‍റെ ഫോര്‍ കെ വിഡിയോ ആണ് ടി സീരിസ് വീണ്ടും അപ്​ലേഡ് ചെയ്തത്. രാമായണ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ എന്തിന് ഈ പാട്ട് പുറത്തുവിട്ടുവെന്നും ഇത്രയ്ക്ക് അസൂയ ആണോ എന്നും പ്രേക്ഷകര്‍ ചോദിക്കുന്നു. രണ്ട് വര്‍ഷം മുന്നേ അനുഭവിച്ച ഭീകരത വീണ്ടും ഓര്‍മിപ്പിക്കരുതേ എന്നും സോഷ്യല്‍ ലോകം അപേക്ഷിക്കുന്നു. 

അതേസമയം രാമായണ ടീസര്‍ പുറത്തുവന്നപ്പോള്‍ തന്നെ ആദിപുരുഷിനെ വീണ്ടും ട്രോളി ചിലര്‍ രംഗത്തെത്തിയിരുന്നു. കോടികള്‍ മുടക്കി സിനിമ വികലമാക്കിയ ആദിപുരുഷിന്‍റെ വിഎഫ്എക്സ് ടീം രാമായണ ടീസര്‍ കണ്ടുപഠിക്കണമെന്ന് ട്രോളന്മാര്‍ പറഞ്ഞു. ആദിപുരുഷില്‍ പ്രഭാസിനെ വേണ്ടവിധം ഉപയോഗിക്കാന്‍ സംവിധായകന്‍ ഓം റൗട്ടിനായില്ലെന്നും പ്രേക്ഷകര്‍ പറഞ്ഞു. 2023ല്‍ പുറത്തുവന്ന ആദിപുരുഷിന് വലിയ തിരിച്ചടി ആയിരുന്നു നേരിട്ടത്. അമ്പേ പരാജയമായ വിഎഫ്എക്സും നിലവാരമില്ലാത്ത ഡയലോഗുകളും നിശിതമായി വിമര്‍ശിക്കപ്പെട്ടിരുന്നു. 

അതേസമയം രണ്‍ബീറിന്‍റെ റിലീസിനായി കാത്തിരിക്കുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പൂര്‍ണമായും ഐ മാക്സില്‍ ചിത്രീകരിക്കുന്ന രാമായണ പാർട്ട് 1 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയറ്ററുകളിലെത്തും. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രവി ഡൂബൈ ലക്ഷ്മണൻ ആയും സണ്ണി ഡിയോൾ ഹനുമാനായും എത്തുന്നു. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനുമാണ് സംഗീതം.

ENGLISH SUMMARY:

The new Ramayana teaser has been well received, while social media trolls Adipurush, the earlier film based on the same epic. T-Series has re-uploaded the “Jai Shri Ram” song in 4K after the Ramayana teaser release, prompting viewers to question if it’s due to jealousy.