Image Credit: Facebook.com/Akhilmarar123
അമ്മയെ തൊഴിലുറപ്പ് ജോലിക്ക് വിടുന്നു എന്ന സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങക്ക് മറുപടിയുമായി സംവിധായകന്‍ അഖില്‍ മാരാര്‍. ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ച വിഡിയോയില്‍ അഖിലിന്‍റെ അമ്മ തന്നെയാണ് തൊഴിലുറപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. തൊഴിലുറപ്പ് ജോലിക്കിടയില്‍ ചിത്രീകരിച്ച വിഡിയോയില്‍ തൊഴിലിടത്തെ സഹപ്രവര്‍ത്തകരുമുണ്ട്.
മകന് ഇത്രയും പൈസയുണ്ടായിട്ടും അമ്മ എന്തിന് തൊഴിലുറപ്പിന് പോകുന്നു എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നതായി അഖില്‍ മാരാര്‍ പറയുന്നു. ഇതിന് മറുപടി പറയുന്നത് അമ്മയാണ്. 'എന്‍റെ എന്ത് ആവശ്യങ്ങളും നിറവേറ്റി തരുന്നത് മോനാണ്. തൊഴിലുറപ്പിന് പോകുന്നത് മനസിന്‍റെ സന്തോഷം. കൂട്ടുകാരുമായി സമയം ചെലവഴിക്കാനാണ് തൊഴിലുറപ്പിന് പോകുന്നത്. വര്‍ഷങ്ങളായി ഞങ്ങളെ നോക്കുന്നത് മകനാണ്. തൊഴിലുറപ്പിന് പോയല്ല ജീവിക്കുന്നത്. മാനസിക ഉല്ലാസത്തിനാണ് തൊഴിലുറപ്പിന് പോകുന്നത്' എന്നിങ്ങനെയാണ് അമ്മയുടെ വാക്കുകള്‍.
അമ്മ തൊഴിലുറപ്പിന് പോയി ജീവിക്കുന്നത് പണത്തിനു വേണ്ടിയല്ല, കൂട്ടുകാരുടെ കൂടെ അവരിൽ ഒരാളായി സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്ന സന്തോഷത്തിന് വേണ്ടി. എനിക്കും അത് അഭിമാനം തന്നെയാണ്. ചിലരുടെ ചൊറിച്ചിലിന് അമ്മയുടെ മറുപടി എന്ന തലക്കെട്ടോടെയാണ് അഖില്‍ മാരാര്‍ വിഡിയോ പങ്കുവച്ചിട്ടുള്ളത്.
ആഡംബരമില്ലാതെ ജീവിക്കുന്നതിനെ പറ്റിയും വിഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. 'പഴയവീടാണെന്ന് പലരും പറയുന്നു. നമ്മുക്ക് താമസിക്കാനുള്ള വീടുണ്ട്. തിരുവനന്തപുരത്ത് ആര്‍സിസിയില്‍ കാറില്‍ പോകാനാണ് പറഞ്ഞത്. കാറില്‍ പോയാല്‍ ഛര്‍ദ്ദിക്കും. ജീവിതത്തില്‍ ഒരു പ്രയാസവും ബുദ്ധിമുട്ടുമില്ല. സാധാരണക്കാരെ പോലെ ജീവിക്കാനാണ് ഇഷ്ടം. ഇതിലൊന്നും ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടണ്ട' എന്നാണ് അഖില്‍ മാരാറും അമ്മയും വിശദീകരിക്കുന്നത്.