തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. ലോഹിതദാസിനു പതിനാറു വർഷമായി ശ്രാദ്ധമൂട്ടുന്നത് പ്രിയപ്പെട്ട ശിഷ്യനാണ്. സിനിമകളിൽ അസോഷ്യേറ്റ് ആയി പ്രവർത്തിച്ചിരുന്ന സേതു ഇയ്യൽ. എല്ലാ വർഷവും ലോഹിതദാസിൻ്റെ ലക്കിടി അകലൂരിലെ അമരാവതി വീട്ടിലെത്തി കുടുംബത്തോടൊപ്പം ബലി തർപ്പണം ചെയ്യാറാണ് പതിവ്.
മിഥുന മാസത്തിലെ പൂരം നക്ഷത്രം. മലയാള സിനിമയുടെ പ്രിയ കഥാകാരൻ അരങ്ങൊഴിഞ്ഞത് ആ നാളിലാണ്. ഗുരുനാഥൻ്റെ ശ്രാദ്ധ ദിനങ്ങളിൽ പുലർച്ചെ സേതു ഇയ്യാൽ മുടങ്ങാതെ അമരാവതിയിലെത്തും. ഇത്തവണയും പതിവു തെറ്റിച്ചില്ല. ഒരു നിയോഗം പോലെ, അനുഗ്രഹമെന്ന പോലെ സേതു അമരാവതിയിലെത്തി
ലോഹിതദാസിന്‍റെ ഇളയ മകൻ വിജയ് ശങ്കറിനൊപ്പമായിരുന്നു ബലിതർപ്പണം. ഗുരുവിനൊപ്പമുള്ള മറന്നു പോകാൻ താല്പര്യമില്ലാത്ത ഒരുപാട് നല്ല ഓർമ്മകളുണ്ട് സേതുവിന്. ചടങ്ങ് പൂർത്തിയായി പടിയിറങ്ങുമ്പോൾ ആ ഓർമ്മകൾക്ക് പിന്നെയും കനംകൂടും മരണം വരെ ലോഹിതദാസിൻ്റെ സന്തത സഹചാരിയായിരുന്നു സേതുവെന്നു ഭാര്യ സിന്ധു ലോഹിതദാസിൻ്റ സാക്ഷ്യം. പ്രഫഷനൽ ചിത്രകാരൻ കൂടിയായ സേതു ഇയ്യാൽ കസ്തൂരിമാൻ, ചക്രം, ചക്കരമുത്ത്, നിവേദ്യം സിനിമകളിലാണ് ലോഹിതദാസിൻ്റെ അസോഷ്യേറ്റ് ആയി പ്രവർത്തിച്ചത്. സേതു സ്വതന്ത്ര സംവിധായകനായി സിനിമ നിർമിച്ചെങ്കിലും കോവിഡ് വില്ലനായതോടെ ചിത്രം പുറത്തിറക്കാനായില്ല.