യൂട്യൂബിലെത്തിയത് മുതല്‍ സംവിധായിക ഫറാ ഖാന്‍റെ കുക്കിങ് വ്ലോഗുകള്‍ വൈറലാണ്. ഫറാ ഖാനൊപ്പം വിഡിയോയിലെത്തുന്ന പാചകകാരന്‍ ദിലീപാണ് വിഡിയോയിലെ താരം. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വിഡിയോ വൈറലാക്കുകയും ഒന്നര വര്‍ഷത്തിനിടെ ചാനലിന് 2.50 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെ ലഭിക്കുകയും ചെയ്തു.
ഈ വിഡിയോകളും യൂട്യൂബ് ചാനലും പാചകകാരന്‍ ദിലീപിന്‍റെ ജീവിതം മാറ്റിമറിച്ചു എന്നാണ് സത്യം. യൂട്യൂബ് ചാനല്‍ വിജയമായതോടെ ദിലീപിന്‍റെ കടം മുഴുവനായി എഴുതിതള്ളാന്‍ സാധിച്ചു എന്നാണ് ഈയിടെ ഒരു അഭിമുഖത്തില്‍ ഫറാ ഖാന്‍ പറഞ്ഞത്. ചാനലിന്‍റെ ഗതിമാറിയത് ദിലീപിന്‍റെ വരവോടെയാണ്. രണ്ടാമത്തെ വിഡിയോയ്ക്ക് ശേഷം സില്‍വര്‍ ബട്ടന്‍ ലഭിച്ചെന്നും ഫറാ ഖാന്‍ പറഞ്ഞു.
മുൻപ് തന്നെ ദിലീപിന് നല്ല വരുമാനം ലഭിച്ചിരുന്നു. യൂട്യൂബിൽ നിന്നുള്ള വരുമാനം വന്നതോടെ ദിലീപിന്‍റെ വരുമാനവും വര്‍ധിച്ചു. അദ്ദേഹത്തിന്‍റെ മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർക്കാനും മകനെ പാചകത്തില്‍ ഡിപ്ലോമ കോഴ്സിന് ചേര്‍ക്കാനും സാധിച്ചുവെന്ന് ഫറാ ഖാന്‍ പറഞ്ഞു.
''അവന് വലിയ കടമുണ്ടായിരുന്നു. എത്രയാണെന്ന് അറിയില്ലായിരുന്നു. ഒരു വർഷത്തിലേറെയായി യൂട്യൂബ് വരുമാനത്തിന്റെ ഭൂരിഭാഗവും കടം തീർക്കാന്‍ നല്‍കി. കടം തീര്‍ന്നതോടെ അവന് സ്വന്തമായി വീടുവയ്ക്കാനും സാധിച്ചു'' ഫറ ഖാന്‍ പറഞ്ഞു.