പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന് വേണ്ടി ആക്ഷന്‍ പറയാന്‍ ലെജന്ററി സംവിധായകന്‍ ജിജോ പുന്നൂസും . ഏറെ കാലമായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന ജിജോ പുന്നൂസ് സുരേഷ് ഗോപിയുടെ ക്ഷണം സ്വീകരിച്ചാണ് ഒറ്റക്കൊമ്പന്റെ പാലായിലെ സെറ്റിലെത്തിയത്. ഫാൻ ബോയ് കൂടിയായ സംവിധായകൻ മാത്യൂസ് തോമസിന്റെ ആഗ്രഹപ്രകാരം ചിത്രത്തിലെ ഒരു സീനായി സംവിധായകന്റെ തൊപ്പിയും അണിഞ്ഞു. നാല്‍പതിലേറെ വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ജിജോ പുന്നൂസ് ഒരിക്കല്‍ കൂടി സംവിധായകന്റെ തൊപ്പിയണിഞ്ഞ ചരിത്രനിമിഷത്തിനും അങ്ങനെ ഒറ്റക്കൊമ്പന്റെ സെറ്റ് സാക്ഷ്യം വഹിച്ചു.
സുരേഷ് ഗോപിയുടെ 250 –ാമത് ചിത്രമായി എത്തുന്ന ഒറ്റക്കൊമ്പന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. പാലായിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം അഭിനയയാണ് നായിക. ഇന്ദ്രജിത്ത് , ലാല്‍, ചെമ്പന്‍ വിനോദ്, വിജയരാഘവന്‍, ജോണി ആന്റണി, കബീര്‍ സിങ്, മേഘ്ന രാജ് അതിഥി രവി തുടങ്ങിയ വമ്പന്‍ താരനിര തന്നെയുണ്ട്.
ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന ചിത്രം നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്. ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥയും ഷാജി കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രം മാസ് ആക്ഷന്‍ ത്രില്ലര്‍ ഴോണറിലാകും എത്തുക. പാലാ ജൂബിലി അടക്കം സെറ്റിട്ട ചിത്രത്തിന് ഗോകുല്‍ ദാസാണ് കലാസംവിധാനം ഒരുക്കുന്നത്