‘കാന്ടാ ലഗാ’ താരം ഷെഫാലി ജാരിവാലയുടെ പെട്ടെന്നുള്ള വിയോഗത്തില്‍ നിന്ന് ഇതുവരെയും മുക്തരായിട്ടില്ല ആരാധകര്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരാനിരിക്കെ മരണത്തെ കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാണ്. ആദ്യം ഹൃദയസ്തംഭനം എന്നാണ് കരുതിയിരുന്നതെങ്കിലും പിന്നീട് ആന്‍റി ഏജിങ് മരുന്നുകളുടെ ഉപയോഗം, കുറഞ്ഞ രക്തസമ്മര്‍ദം എന്നിവയും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. പതിനഞ്ചാം വയസില്‍ താരത്തിന് അപസ്മാരം ഉണ്ടായിരുന്നെന്നും കണ്ടെത്തിയിരുന്നു. നടിയുടെ മരണത്തെക്കുറിച്ച് ഇതുവരെ ലഭ്യമായ വിവരങ്ങള്‍ നോക്കാം.
കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ജൂൺ 27 ന് വെള്ളിയാഴ്ച രാത്രിയാണ് താരത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഷെഫാലിയുടെ ഭർത്താവും നടനുമായ പരാഗ് ത്യാഗിയും ചിലരും ചേര്‍ന്നാണ് നടിയെ ആശുപത്രിയിൽ എത്തിച്ചത്. താരത്തിന്‍റെ മരണത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ ഹൃദയസ്തംഭനമാകാം മരണ കാരണം എന്നാണ് സൂചിപ്പിച്ചിരുന്നത്. പ്രാഥമിക വൈദ്യപരിശോധനയില്‍ കുറഞ്ഞ രക്തസമ്മർദ്ദം, ഹൃദയസ്തംഭനം, കടുത്ത വയറുവേദന എന്നിവ രേഖപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വാഭാവിക മരണം എന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്.
ഉപയോഗിച്ചിരുന്ന മരുന്നുകള്‍, ഭക്ഷ്യവിഷബാധ, അപസ്മാരം എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഡോക്ടര്‍മാരുടെ സംഘം വിശകലനം ചെയ്യുന്നുണ്ട്. സ്വയം ചികിത്സ, ഉദര സംബന്ധമായ അസുഖങ്ങള്‍ എന്നിവ ആയിരിക്കാം മരണത്തിലേക്ക് നയിച്ചതെന്ന് മുംബൈ പൊലീസ് സംശയിക്കുന്നു. താരം ഫാസ്റ്റിങിനിടെ പഴകിയ ഫ്രൈഡ് റൈസ് കഴിച്ചതായും ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ആന്റി-ഏജിങ് കുത്തിവയ്പ്പുകൾ എടുത്തിരുന്നതായും പൊലീസ് പറയുന്നു. താരത്തിന്‍റെ വീട് പരിശോധച്ച പൊലീസും ഫോറൻസിക് വിദഗ്ധരും ആന്‍റി–ഏയ്ജിങ് കുത്തിവയ്പ്പിനുള്ള മരുന്നുകള്‍, വിറ്റാമിന്‍ ഗുളികകള്‍, അസിഡിറ്റിക്കുള്ള ഗുളികകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.
ഏഴോ എട്ടോ വർഷമായി താരം പതിവായി ആന്‍റി ഏജിങ് മരുന്നുകൾ കഴിക്കുന്നുണ്ടെന്നാണ് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂൺ 27ന് താരത്തിന്‍റെ വീട്ടിൽ ഒരു പൂജ ഉണ്ടായിരുന്നു. അതിനാലാണ് ഷെഫാലി ഉപവസിച്ചിരുന്നത്. ഉപവാസത്തിനിടെ അതേ ദിവസം ഉച്ചകഴിഞ്ഞ് ഷെഫാലി ആന്റി-ഏജിങ് കുത്തിവയ്പ്പ് എടുത്തു. വർഷങ്ങൾക്ക് മുമ്പ് ഒരു ഡോക്ടറാണ് ഈ മരുന്നുകള്‍ നിര്‍ദേശിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനുശേഷം അവർ എല്ലാ മാസവും ഈ ചികിത്സ നടത്താറുണ്ടെന്നും ഈ മരുന്നുകൾ ഹൃദയസ്തംഭനത്തിന് കാരണമായിരിക്കാമെന്നുമാണ് കരുതുന്നത്.
ഷെഫാലി ഉപയോഗിച്ചിരുന്ന IV ഗ്ലൂട്ടത്തയോണും IV ഡീടോക്സിഫൈയിങ് ഡ്രിപ്പുകളും ഹൈപ്പോടെൻഷൻ ഉള്‍പ്പെടെയുള്ളവയ്ക്കും ഹൃദയത്തെ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിൻ ആൻഡ് സ്‌പൈനിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. രാഹുൽ ചൗള എന്‍ഡിടിവിയോട് പറഞ്ഞു. IV ഡീടോക്സിഫൈയിങ് ഡ്രിപ്പുകൾ ഉപയോഗിച്ചതിന് പിന്നാലെ രോഗികൾ മരിച്ചതായി നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പെട്ടെന്നുള്ള ഹൈപ്പോടെൻഷനോ ഹൃദയസ്തംഭനമോ ആയിരിക്കാം ഈ മരണങ്ങൾക്ക് കാരണം എന്നാണ് കരുതപ്പെടുന്നത്. എന്നിരുന്നാലും ഷെഫാലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ഇതിലൂടെ മരണകാരണം സ്ഥിരീകരിക്കാനാകും എന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.