പതിവായി പെട്ടെന്ന് ദേഷ്യം തോന്നാറുണ്ടോ? വല്ലപ്പോഴും ദേഷ്യവും അസ്വസ്ഥതയും തോന്നുന്നത് സ്വാഭാവികമാണെങ്കിലും ഇടയ്ക്കിടയ്ക്ക് മൂഡ് ഓഫാകുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.പതിവായുള്ള ക്ഷോഭവും അമിതമായ സമ്മർദ്ദവും ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുകയും ഹൈപ്പർടെൻഷനിലേക്ക് നയിക്കുകയും ചെയ്യും. ദേഷ്യം വരുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങുകയും ഹൃദയത്തിന് കൂടുതൽ ജോലി ചെയ്യേണ്ടിവരികയും ചെയ്യുന്നതിനാൽ രക്തസമ്മർദ്ദം കുത്തനെ ഉയരും. ഈ അവസ്ഥ സ്ഥിരമാകുമ്പോൾ രക്തയോട്ട സംവിധാനത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നു. ഹോർമോൺ വ്യതിയാനങ്ങൾ, ജോലിഭാരം, കുടുംബപരമായ ഉത്തരവാദിത്തങ്ങൾ എന്നിവ കാരണം മധ്യവയസ്കരിലാണ് ബിപി കൂടാനുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നത്.
ഉയർന്ന രക്തസമ്മർദ്ദത്തെ അവഗണിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം (സ്‌ട്രോക്ക്), വൃക്കകള്‍ക്ക് തകരാര്‍ തുടങ്ങിയ ഗുരുതരമായ പല അപകടങ്ങളിലേക്കും നയിക്കും. അതുകൊണ്ട് തന്നെ ബിപി പതിവായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. വീട്ടിലോ ഡോക്ടറുടെ അടുത്തോ പോയി കൃത്യമായ ഇടവേളകളിൽ രക്തസമ്മര്‍ദം പരിശോധിച്ച് നിലവിലെ അവസ്ഥ മനസ്സിലാക്കണം. ഇതൊരു ജീവിതശൈലി രോഗമായതുകൊണ്ട്, മരുന്നുകൾക്കൊപ്പം ശീലങ്ങളിൽ മാറ്റങ്ങൾ വരുത്തിയാൽ ഇതിനെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഏറ്റവും പ്രധാനം നമ്മുടെ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളാണ്. ഉപ്പ്, എണ്ണ, വറുത്ത ഭക്ഷണങ്ങൾ എന്നിവ കുറച്ച് ആരോഗ്യകരമായ ആഹാരരീതി ശീലമാക്കണം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പതിവായി നടക്കുക, സൈക്കിൾ ചവിട്ടുക തുടങ്ങിയ ലഘു വ്യായാമങ്ങൾ ശീലമാക്കുന്നത് ബിപി കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ദേഷ്യവും സ്ട്രെസ്സും കുറയ്ക്കാൻ യോഗ, മെഡിറ്റേഷൻ, അല്ലെങ്കിൽ ഇഷ്ടമുള്ള ഹോബികളിൽ ഏർപ്പെടുകയുമാവാം. ചായ, കാപ്പി, മദ്യം എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതും രക്തസമ്മര്‍ദം നിയന്ത്രിക്കാൻ ഫലപ്രദമാണ്.