സിനിമകള്‍ റീ റിലീസ് ചെയ്ത് തീയറ്ററുകളില്‍ ആഘോഷം തീര്‍ക്കുന്ന കാലമാണിത്.അഞ്ചു പതിറ്റാണ്ടു കഴിഞ്ഞെങ്കിലും ഓരോ തവണ റീ ലോഞ്ച് ചെയ്യുമ്പോഴും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാകുന്ന ഒരു നാടകമുണ്ട്. മലയാളിയെ ത്രസിപ്പിക്കുകയും ഭയപ്പെടുത്തുകയുമൊക്കെ ചെയ്ത കലാനിലയത്തിന്‍റെ ജനപ്രിയ നാടകം രക്ത രക്ഷസ്.
1973ലാണ് രക്തരക്ഷസ് ആദ്യമായി വേദിയിലെത്തിയത്. ജഗതി എന്‍.കെ ആചാരി എഴുതി. സംവിധാനം കലാനിലയം കൃഷ്ണന്‍ നായര്‍.ഡോള്‍ബി 7.1 സൗണ്ട് സൗണ്ട് സിസ്റ്റം അടക്കം കാലത്തിനൊത്ത് പരിഷ്ക്കരിച്ച് ഈ ഒടിടി കാലത്തും നാടക കൊട്ടക കാഴ്ച്ചയുടെ ഉല്‍സവപ്പറമ്പാക്കുന്നു. മള്‍ട്ടിപ്ലക്സ് ഫീലോടെ.
വൈദ്യനായ അച്ഛന്‍റെ പരീക്ഷണങ്ങളെത്തുടര്‍ന്ന് രക്ഷസായി മാറുന്ന ലക്ഷ്മി. കഥ പഴയതെങ്കിലും പുതിയ കാലത്തിനൊത്ത മാറ്റങ്ങള്‍. ഇപ്പോഴും കാണികളെ പിടിച്ചിരുത്താന്‍ കഴിയുന്നുണ്ട്. പാലക്കാട്ടുകാരിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് ജാനകി വിനോദാണ് ഇപ്പോള്‍ കേരളക്കരയെ ഭയപ്പെടുത്തുന്നത്. രക്തരക്ഷസിന്‍റെ രണ്ടാം ഭാഗവും ഉടന്‍ വരും.
ഒറ്റയ്ക്ക് രക്തരക്ഷസ് നാടകം കാണാന്‍ വെല്ലുവിളിക്കുന്ന പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ആ പോസ്റ്ററിന് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് പുതിയ കാഴ്ച്ചകളും അടിവരയിടുന്നു.