തന്നേയും നടന്‍ സന്ദീപ് പ്രദീപിനേയും പറ്റി വന്ന താരതമ്യത്തെ പറ്റി തുറന്നു സംസാരിച്ച് മാധവ് സുരേഷ്. പടക്കളത്തില്‍ താനായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടിരുന്നുവെന്നും അത്തരം പോസ്റ്റുകള്‍ സന്ദീപ് ചെയ്തതിനെ അനാദരിക്കുന്നത് പോലെയാണെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ മാധവ് പറഞ്ഞു.
പടക്കളം എന്ന സിനിമയിലെ സന്ദീപിന്റെ പെർഫോമൻസ് എനിക്ക് വളരെ ഇഷ്‌ടപ്പെട്ടു. രണ്ട് മൂന്ന് ഫേസ്ബുക്ക് പേജുകൾ മാധവ് സുരേഷ് ഈ ക്യാരക്ടർ ചെയ്താൽ നന്നായിരിക്കുമെന്നുള്ള പോസ്റ്റ് കണ്ടു. സന്ദീപ് ചെയ്ത വർക്കിനോടുള്ള അനാദരവായാണ് ഞാനത് കണ്ടത്. പ്രശംസിക്കുകയോ വിമർശിക്കുകയോ ചെയ്യുക. താരതമ്യം നിർത്തുക. അത്തരമൊരു പോസ്റ്റ് പങ്കുവച്ച് ഞാനിതേക്കുറിച്ച് സംസാരിച്ചിരുന്നു. അതിനിടയിൽ വന്ന കമന്റുകൾ നിങ്ങൾ തന്നെ പിആറിന് ചെയ്യുന്നതല്ലേ എന്നാണ്. സന്ദീപിന്റെ പെർഫോമൻസ് എനിക്ക് വളരെ ഇഷ്‌ടപ്പെട്ടു. നിങ്ങള്‍ക്ക് അഭിനന്ദിക്കാം, വിമര്‍ശിക്കാം, എന്നാല്‍ താരതമ്യംചെയ്യരുത്. തനിക്ക് വരുന്ന ഹേറ്റിന്റെ പ്രധാന കാരണം അച്ഛൻ ബിജെപി മന്ത്രിയായതാണെന്നും അത് പലര്‍ക്കും സഹിക്കുന്നില്ലെന്നും മാധവ് പറഞ്ഞു.
സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന മാധവിന്‍റെ ചിത്രം. അനുപമ പരമേശ്വരനാണ് ചിത്രത്തില്‍ നായികയാവുന്നത്. പ്രവീൺ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു എന്നിവരും അഭിനയിക്കുന്നുണ്ട്.