സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷിന്‍റെ ഡയലോഗ് കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. താരത്തിന്‍റെ 'കുമ്മാട്ടിക്കളി' എന്ന സിനിമയിലെ 'എന്തിനാടാ കൊന്നിട്ട്' എന്ന ഡയലോഗും തുടര്‍ന്നുള്ള രംഗങ്ങളുമായി വൈറലായത്. സോഷ്യല്‍ മീഡിയ പേജുകള്‍ ഈ ഡയലോഗ് ഏറ്റെടുത്തതോടെ ഈ ഡയലോഗുമായി ബന്ധപ്പെട്ട ട്രോളുകളും മീമുകളും പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ മില്‍മയും ഏറ്റെടുത്തിരിക്കുകയാണ് മാധവിന്‍റെ ഡയലോഗിനെ. കുമാട്ടിക്കളിയിലെ മാധവിന്‍റെ രംഗത്തോട് സാമ്യമുള്ള ആനിമേറ്റഡ് ചിത്രമാണ് തിരുവനന്തപുരം മില്‍മ പങ്കുവച്ചത്. 'എന്തിനാടാ തര്‍ക്കിച്ചിട്ട്, മില്‍മ തന്നെയല്ലേ ബെസ്റ്റ്' എന്നാണ് ചിത്രത്തില്‍ ചോദിക്കുന്നത്. 'വെറുതെ തർക്കിച്ചിട്ട് ഒരു കാര്യവുമില്ല. മിൽമ തന്നെയാണ് എന്നും ബെസ്റ്റ്' എന്നാണ് ക്യാപ്ഷന്‍.
മില്‍മയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 'ഒടുവില്‍ മില്‍മയും ട്രോളി' എന്നാണ് ഒരു കമന്‍റ്. 'മില്‍മയുടെ കുറുമ്പ് കുറച്ച് കൂടുന്നുണ്ട്' എന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്തത്.