manorama news, മനോരമ ന്യൂസ്, മലയാളം വാർത്ത, Manorama, Malayala manorama, malayalam news, malayala manorama news, ന്യൂസ്‌, latest malayalam news, Malayalam Latest News, മലയാളം വാർത്തകൾ - 1

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയും തമ്മില്‍ നടുറോഡില്‍ സംഘര്‍ഷമുണ്ടായതിന്‍റെ പശ്ചാത്തലത്തില്‍, കേരള ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് നായര്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പ് ചര്‍ച്ചയാകുന്നു.  ആരാണ് പ്രാഥമികമായി കുറ്റക്കാരൻ എന്നത് ഇതുവരെയും തെളിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ പോലും ചിലരൊക്കെ നിന്നെ കഴുവേറ്റാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. 

നീ മയക്കുമരുന്ന് ഉപയോഗിക്കുകയോ വിൽക്കുകയോ ഏതെങ്കിലും സ്ത്രീയെ പീഡിപ്പിക്കുകയോ ഒന്നും ചെയ്തില്ലല്ലോ!. 

കേരളത്തിലെ ക്രമസമാധാന പ്രക്രിയയിൽ   യാതൊരു സ്വാധീനവും ഇല്ലാത്ത ആളാണ് നിൻറെ അച്ഛനെങ്കിൽക്കൂടിയും, ഒരു മന്ത്രി പുത്രനാണ് എന്നത് മറന്നിട്ടാണ് നീയാ രോഷം കാട്ടിയത് എന്നാണ് ഞാൻ മനസ്സിലാക്കിയത്. നിന്റെ ഉള്ളിൽ മന്ത്രിപുത്രൻ എന്ന ഗർവ്വോ അഹങ്കാരമോ ഇല്ല എന്നാണ് താൻ മനസ്സിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം 

പ്രിയപ്പെട്ട മാധവ് സുരേഷ്,

നീ ചെയ്തത് തെറ്റ് തന്നെയാണ് .

പൊതുനിരത്തിൽക്കിടന്ന്, പൊതുജനത്തിന് ശല്യമായി അങ്ങനെയൊരു പ്രകടനം വേണ്ടായിരുന്നു മോനേ !

അച്ഛൻറെ സിനിമയിലെ ശൗര്യവും കൂടി ആവാഹിച്ചപ്പോൾ നീയാ കാറിൻറെ ബോണറ്റിൽ ഒരടിയും അടിച്ചു !

രോഷാകുലമായ യൗവനം !

പക്ഷേ പ്രശ്നം എന്തെന്നാൽ, നിന്നെപ്പോലെ പലപ്പോഴും ഈ തെറ്റ് ചെയ്യാറുള്ളവരാണ് ഞങ്ങളിൽ ചിലരും , ഞാൻ ഉൾപ്പെടെ !

നമ്മുടെ വികാരം ചിലപ്പോൾ നമ്മുടെ വിവേകത്തെ കീഴടക്കാറുണ്ട്.

പ്രത്യേകിച്ചും നിരത്തിൽ.

നിരത്തിൽ നമ്മുടെ നീതിബോധത്തിനും ബോധ്യത്തിനും നിരക്കാത്ത പലതും പലപ്പോഴും നമുക്കെതിരെ വരാറുണ്ട്.

അപ്പോൾ നമ്മൾ ആഞ്ഞടിക്കും.

നിന്നെപ്പോലെ ഞാനും അങ്ങനെ ആഞ്ഞടിച്ചിട്ടുണ്ട്.

പക്ഷേ, അത് തെറ്റാണ്.

അത്തരം വികാരങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ അതാണ് ഉത്തമം.

നിന്നെ ഇപ്പോൾ വിമർശിക്കുന്ന പലരും അത്തരത്തിൽ ആഞ്ഞടിച്ചവരും ആഞ്ഞടിക്കുന്നവരും ഇനി ആഞ്ഞടിക്കാൻ പോകുന്നവരുമാണ്!

എന്തായാലും  അങ്ങനെ നിരത്തിൽ നാം താൽക്കാലികമായി എങ്കിലും ശല്യക്കാരൻ ആവുമ്പോൾ നമുക്ക് ചിലപ്പോൾ പോലീസ് സ്റ്റേഷനിൽ കയറേണ്ടിവരും.

അത് നിനക്കും സംഭവിച്ചു.

അത് സാരമില്ല.

പക്ഷേ ,നിന്നെ പോലീസ് സ്റ്റേഷനിൽ കയറ്റിയവൻ പരാജയപ്പെട്ടു.

ബ്രത്ത് അനലൈസറിനെ നീ കീഴടക്കി !

നല്ല മുത്ത് , ഒരുപാടിഷ്ടം നിന്നോട് .

ഈ വിഷയത്തിൽ ആരാണ് പ്രാഥമികമായി കുറ്റക്കാരൻ എന്നത് ഇതുവരെയും തെളിഞ്ഞിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

അതിനു മുമ്പാണ് ചിലരൊക്കെ നിന്നെ കഴുവേറ്റാൻ ശ്രമിക്കുന്നത്.

അത് ശരിക്കും നിന്നോടുള്ള കലിപ്പല്ല എന്ന് നിനക്ക് നന്നായി അറിയാമല്ലോ!

അതുകൊണ്ട് അത് വിട്ടേക്ക്!

ഒരു മാധ്യമ സിങ്കം പറയുന്നത് കേട്ടു , ഒരു മന്ത്രിപുത്രന്റെ ധാർമികത നീ പാലിച്ചില്ല എന്ന് !

എനിക്ക് ചിരി വന്നു മോനെ!

മന്ത്രിപുത്രന് എന്ത് ധാർമികത !

നീ മയക്കുമരുന്ന് ഉപയോഗിക്കുകയോ വിൽക്കുകയോ ഏതെങ്കിലും സ്ത്രീയെ പീഡിപ്പിക്കുകയോ ഒന്നും ചെയ്തില്ലല്ലോ!

കേരളത്തിലെ ക്രമസമാധാന പ്രക്രിയയിൽ   യാതൊരു സ്വാധീനവും ഇല്ലാത്ത ആളാണ് നിൻറെ അച്ഛനെങ്കിൽക്കൂടിയും, ഒരു മന്ത്രി പുത്രനാണ് എന്നത് മറന്നിട്ടാണ് നീയാ രോഷം കാട്ടിയത് എന്നാണ് ഞാൻ മനസ്സിലാക്കിയത്.

അങ്ങനെയൊരു ചിന്ത നിൻറെ മനസ്സിൽ ഉണ്ടായിരുന്നുവെങ്കിൽ, നീ മിണ്ടാതെ പോകുമായിരുന്നല്ലോ !

"ഞാൻ മന്ത്രി പുത്രനാണ്, ഇപ്പോ കാണിച്ചു തരാം" എന്നു പറയാതിരിക്കാനുള്ള വിവേകവും  നീ കാണിച്ചു.

അപ്പോൾ നിന്റെ ഉള്ളിൽ മന്ത്രിപുത്രൻ എന്ന ഗർവ്വോ അഹങ്കാരമോ ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്.

അതുകൂടിയായപ്പോൾ എനിക്ക് നിന്നോട് സ്നേഹം കൂടി.

എന്തായാലും മോനെ, തെറ്റിനെതിരെ , അനീതിക്കെതിരെ, നിയമം പാലിക്കാത്തതിനെതിരെ നമ്മൾ ശബ്ദമുയർത്തുക തന്നെ വേണം.

പക്ഷേ അതിന് ചില രീതികൾ ഉണ്ട്.

വികാരം വിവേകത്തെ കീഴടക്കാത്ത ചില രീതികൾ.

അത് മാത്രം മോൻ ഇനിയുള്ള പ്രവൃത്തികളിൽ ഓർത്തിരിക്കുക.

ഈ സംഭവിച്ചത് പാടേ മറന്നേക്കുക.

" ഞാനെന്തു പാപം ചെയ്തു!

എവിടെയൊക്കെ നിങ്ങൾ കയറി ?

എൻറെ ജീവിതത്തിലാ നിങ്ങൾ കയറി കൊത്തിയത്. " എന്നൊക്കെ തീരെ വികാരഭരിതനായി അച്ഛനിപ്പോൾ പറഞ്ഞതേയുള്ളൂ.

അതൊന്നും മനസ്സിലാക്കാനുള്ള നന്മ മനസ്സ് നമ്മിൽ പലർക്കും ഇല്ല മോനെ.

അതും മറന്നേക്കുക.

എന്നാൽ നന്മയുള്ളവരും ഈ ലോകത്തുണ്ട്.

അവർ നമ്മുടെ കൂടെയുമുണ്ട്.

അതിലാണ് നമ്മുടെ പ്രതീക്ഷ.

അച്ഛൻ ഏതു പാർട്ടിക്കാരനായാലും അച്ഛൻറെ രാഷ്ട്രീയം എന്തായാലും , അച്ഛൻ ചെയ്ത, ചെയ്യുന്ന നന്മയുടെ ഫലം നിങ്ങൾക്ക് ലഭിച്ചിരിക്കും.

നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും

പ്രശാന്ത് വാസുദേവ്

(മുൻ ഡെപ്യൂട്ടി ഡയറക്ടർ

കേരള ടൂറിസം വകുപ്പ് ) &

ടൂറിസം കൺസൾട്ടന്റ്. 

ENGLISH SUMMARY:

Madhav Suresh Controversy: The Facebook post regarding the clash between Suresh Gopi's son and a Congress leader is going viral. The post emphasizes the need for controlled anger and reflection in public situations, regardless of family background.