Picture Credits @_diyakrishna_
നടന്‍ കൃഷ്ണകുമാറിന്‍റെ മകളും വ്ളോഗറുമായ ദിയ കൃഷ്ണ പങ്കുവച്ച് മറ്റേണിറ്റി ഫോട്ടോഷൂട്ടും പുതിയ വ്ളോഗും ഏറ്റെടുത്ത് പ്രേക്ഷകര്‍. ദിയയ്ക്ക് ആണ്‍കുഞ്ഞായിരിക്കും, അല്ല പെണ്‍കുഞ്ഞ് തന്നെയെന്ന് പന്തയം വയ്ക്കുന്നവരെയും കമന്‍റ് ബോക്സില്‍ കാണാം. മനോഹരമായ ചിത്രങ്ങളാണ് ദിയ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ എടുക്കാനായി സ്റ്റുഡിയോയിലേക്ക് പോകുമ്പോള്‍ മുതലുള്ള കാര്യങ്ങള്‍ ദിയ വ്ളോഗായി ചിത്രീകരിച്ചിട്ടുണ്ട്.
ചില സെലിബ്രിറ്റികളുടെ മറ്റേണിറ്റി ഫോട്ടോഷൂട്ടുകളുടെ റഫറന്‍സ് എടുത്താണ് പോകുന്നത്, ശരിയാകുമോ എന്നറിയില്ല എന്നു പറയുന്ന ദിയ ‘അവരൊക്കെ ഫോട്ടോസില്‍ നല്ല ചരക്ക് ലുക്കിലായിരുന്നു. എന്നെ കാണുമ്പോള്‍ ചക്കപ്പഴത്തില്‍ ഈച്ചയിരിക്കുന്ന പോലെയുണ്ടാകും’ എന്ന് സ്വയം ട്രോളുന്നുമുണ്ട്. വ്ളോഗിന്‍റെ തുടക്കത്തില്‍ തന്നെ പണ്ടൊക്കെ നല്ല അടിച്ചുപൊളിച്ചുള്ള തുടക്കമായിരുന്നുവെങ്കില്‍ ഇപ്പോഴതൊക്കെ മാറി, അശ്വിന്‍ നടുവ് തിരുമി തരുന്നതാണ് തന്‍റെ ഇന്നത്തെ ഇന്‍ട്രോ എന്ന് ദിയ പറയുന്നുണ്ട്.
ഇടയ്ക്ക് അച്ഛനാകാന്‍ തയ്യാറാണോ അശ്വിന്‍, അടുത്തയാഴ്ച മുതല്‍ താനൊരു പയ്യനല്ല അച്ഛനാണ് എന്ന് ദിയ പറയുന്നുണ്ട്. അതിന് അശ്വിന്‍ ‘എല്ലാം അടിപൊളിയായിട്ട് നടക്കട്ടെ’ എന്ന് മറുപടി പറയുമ്പോള്‍ ഇത് വേറെയാരോടെങ്കിലും പറയുകയാണോ, മറ്റൊരാളെ ആശംസിക്കുന്നത് പോലെയാണല്ലോ തോന്നുന്നത് എന്നുപറഞ്ഞ് അശ്വിനെ കളിയാക്കുന്നുണ്ട് ദിയ. ഫോട്ടോഷൂട്ടിനു ശേഷം സഹോദരി ഇഷാനി വീട്ടിലുണ്ടാക്കി വച്ചിരിക്കുന്ന കുക്കര്‍ കേക്ക് കഴിക്കാനുള്ള ആകാംക്ഷയിലാണ് ദിയയുള്ളത്.
കുറേനാളായി ഇഷാനിയോട് കുക്കര്‍ കേക്ക് ചോദിക്കുന്നു. ഇന്ന് ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്കെത്തുന്ന ദിയയെ പൊന്നുപോലെ പരിചരിക്കുന്ന വീട്ടുകാരെയാണ് പിന്നെ കാണുന്നത്. കേക്കുണ്ടാക്കി കാത്തിരിക്കുന്ന ഇഷാനിയെ വ്ളോഗില്‍ കാണാം. സ്റ്റൈലായിട്ട് പോയി പ്രസവിക്കാം എന്നുപറഞ്ഞ് ദിയയ്ക്ക് അമ്മ സിന്ധു കാലില്‍ നെയില്‍പോളിഷ് ഇട്ടുകൊടുക്കുകയാണ് അതേസമയം അച്ഛന്‍ കൃഷ്ണകുമാറാകട്ടെ ദിയയുടെ കാല് പതിയെ തിരുമി കൊടുക്കുന്നുണ്ട്. ദിയയുടെ വിവാഹവും ഗര്‍ഭകാലവുമൊക്കെയായപ്പോള്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്നേഹവും അടുപ്പവും കുറച്ചുകൂടെ കൂടി എന്നാണ് കമന്‍റുകള്‍. ദിയ വളരെയേറെ ഭാഗ്യവതിയാണ് എന്നുപറയുന്നവരും ഏറെയാണ്.