jafer-idukki

TOPICS COVERED

ചുരുളി സിനിമ വിവാദത്തില്‍ ഏറ്റുമുട്ടി നടന്‍ ജോജു ജോര്‍ജും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്ത് വന്നിരുന്നു. ചിത്രം ഫെസ്റ്റിവലിന് വേണ്ടി നിര്‍മ്മിക്കുന്നതെന്നാണ് പറഞ്ഞത്. തെറിയില്ലാത്ത വെര്‍ഷന്‍ ഡബ് ചെയ്തിരുന്നു. ഐഎഫ്എഫ്‌കെയില്‍ കാണിച്ചത് അതാണ്. പൈസ കൂടുതല്‍ ലഭിച്ചപ്പോള്‍ തെറി വെര്‍ഷന്‍ ഒടിടിക്ക് വിറ്റെന്നും ജോജു കൊച്ചിയില്‍ പറഞ്ഞു. തന്റെ തെറി സംഭാഷണം വെച്ചാണ് സിനിമ മാർക്കറ്റ് ചെയ്തത്. ചുരുളിയിൽ അഭിനയിക്കരുതായിരുന്നെന്ന് മകൾ പറഞ്ഞു. ലിജോയുമായുള്ള സൗഹൃദം കൊണ്ടാണ് ചുരുളി ചെയ്തതെന്നും ജോജു ജോർജ് പറഞ്ഞു.

എന്നാല്‍ ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജാഫര്‍ ഇടുക്കി. ചുരുളിയിൽ കള്ളുഷാപ്പുകാരന്റെ വേഷമാണ് ജാഫർ ഇടുക്കി അഭിനയിച്ചത്. സിനിമയിൽ അഭിനയിച്ചതുകൊണ്ട് വീട്ടിൽ നിന്ന് തന്നെ പുറത്താക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചുരുളിയിൽ ഉപയോഗിച്ച വാക്കുകളെ എന്തിനാണ് തെറിയെന്ന് പറയുന്നതെന്നും ജാഫർ ചോദിച്ചു.  

‘ഞാനൊരു സാധാരണക്കാരനാണ്. ഞാൻ അഭിനയിച്ചിട്ട് വീട്ടിൽ വരുമ്പോൾ ഭാര്യയും മക്കളും ആഹാരം തരാതിരിക്കുകയോ വീട്ടിൽ കയ​റ്റാതെ ഇരിക്കുകയോ ചെയ്തിട്ടില്ല. എന്റെ കുടുംബത്തിൽ മുസ്ലിയാർമാരൊക്കയുണ്ട്. അങ്ങനെയുളളവർ ചുരുളി കാണാൻ സാദ്ധ്യതയില്ല. ആരാണ് തെറിയെന്നൊക്കെ പറയുന്നത്. നമ്മുടെ നാട്ടിൽ പണ്ട് ഉപയോഗിച്ചുവന്നിരുന്ന വാക്കുകൾ ചിലർ തെറിയെന്ന് പറയുന്നു. ചില വാക്കുകൾക്ക് വേറെ നാട്ടിൽ നല്ല അർത്ഥങ്ങളായിരിക്കും ഉണ്ടാകുക.ചുരുളി എല്ലാവരും കണ്ട സിനിമയാണ്. ഇതൊന്നും സംസാരമാക്കേണ്ട വിഷയമല്ല. അല്ലാതെ തന്നെ ഒരുപാട് വിഷയങ്ങൾ സംസാരിക്കാനുണ്ട്. ഇപ്പോഴിതാ മൂന്നാം ലോകമഹായുദ്ധം പൊട്ടിപുറപ്പെടാൻ പോകുന്നുവെന്ന് പറയുന്നു. അത് ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കൂ. ജെല്ലിക്കെട്ട് എന്ന ചിത്രത്തിൽ എന്റെ അഭിനയം കണ്ടിട്ടാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ചുരുളിയിലേക്ക് എന്നെ ക്ഷണിച്ചത്. അതിൽ അഭിനയിച്ചുകിട്ടിയ പണം കൊണ്ട് ഞാൻ അരി വാങ്ങിച്ചു. എന്റെ മക്കളും ഭാര്യയും ആ പണം ഉപയോഗിച്ചു. അല്ലാതെ എന്തിനാണ് ആ സിനിമ ചെയ്തതെന്ന് അവർ ചോദിച്ചില്ല. അഭിനയമാണ് എന്റെ തൊഴിൽ' ജാഫർ ഇടുക്കി പറഞ്ഞു.

ENGLISH SUMMARY:

Actor Jaffer Idukki has responded to the controversy surrounding the film Churuli, clarifying that acting in the film has not caused any issues in his family life. He portrayed the role of a toddy shop owner in the film. Jaffer questioned why the words used in Churuli are being labeled as obscene, noting that some terms considered vulgar in one place might have different, even positive meanings elsewhere. He emphasized that despite acting in the film, his wife and children have never denied him food or entry into the house, and that his family includes conservative members who would not likely watch a film like Churuli anyway.