joju-lijo

ചുരുളി സിനിമയിലെ തെറിയെ ചൊല്ലി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയോട് പരസ്യമായി ഇടഞ്ഞ് നടൻ ജോജു ജോർജ്. ചുരുളിയിലെ തെറിപറയുന്ന കഥാപാത്രം കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നും ഫെസ്റ്റിവലിന് വേണ്ടിയുള്ള സിനിമയെന്ന്  പറഞ്ഞതുകൊണ്ടാണ്  അഭിനയിച്ചതെന്നും ജോജു ആരോപിച്ചു. അതിനിടെ ജോജുവിനെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് പ്രതികരിച്ച സംവിധായകന്‍ ലിജോ,  ജോജുവിന് നൽകിയ പ്രതിഫലത്തിന്റെ  രേഖ പുറത്തുവിട്ടു. ലിജോയെ പിന്തുണച്ച് നടന്മാരായ ജാഫർ ഇടുക്കിയും വിനയ് ഫോർട്ടും നടി ഗീതി സംഗീതയും പ്രതികരിച്ചു.

ചുരുളി  കാരണം ഏറ്റവും അനുഭവിച്ചയാൾ താനാണെന്നും മക്കൾ സ്കൂളിൽ പോകുമ്പോൾ പോലും ചുരുളിയിലെ ട്രോൾ പറഞ്ഞു കളിയാക്കിയെന്നും ജോജു ആരോപിച്ചു.  സിനിമയുടെ തെറിയില്ലാത്ത പതിപ്പ് ഡബ് ചെയ്തിട്ടുണ്ടെന്നും എന്നാൽ പണം കൂടുതൽ വന്നപ്പോൾ ഒടിടിയിൽ തെറി ഉള്ള വേർഷൻ വിറ്റുവെന്നും ജോജു ആരോപിച്ചു. നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതേ ആരോപണം ഉന്നയിച്ച ജോജുവിനെതിരെ ലിജോ ഫെയ്സ്ബുക്കിൽ പ്രതികരിച്ചതോടെ  ജോജു  ആരോപണം പരസ്യമാക്കുകയായിരുന്നു. ഇതിനിടെയാണ് ലിജോയെ ശരിവച്ച് ചിത്രത്തിലെ നടീനടന്മാർ രംഗത്തെത്തിയത്. 

ചുരുളിയിൽ അഭിനയിച്ചതില്‍ അഭിമാനമെന്ന് വിനയ് ഫോർട്ട് മനോരമ ന്യൂസിനോട് പറഞ്ഞു. തിരക്കഥ മനസിലാക്കിയാണ് ചുരുളിക്കൊപ്പം ചേര്‍ന്നത്. സംവിധായകൻ കൃത്യമായി എല്ലാം പറഞ്ഞുതന്നിരുന്നു. ജോജുവിന്റെ കാര്യത്തിൽ എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. ചുരുളിയില്‍ തെറ്റിദ്ധരിപ്പിച്ച് അഭിനയിപ്പിച്ചിട്ടില്ലെന്ന് നടന്‍ ജാഫര്‍ ഇടുക്കി പ്രതികരിച്ചു. താൻ നായകപദവിയിൽ നിൽക്കുന്നയാളല്ല. നായകന്മാര്‍ക്ക് അങ്ങനെ തോന്നിയെങ്കിൽ എനിക്കറിയില്ല. തെറിവിളി സമൂഹത്തിലുള്ളതാണെന്നും ജാഫര്‍ ഇടുക്കി മനോരമ ന്യൂസിനോട് പറഞ്ഞു

ചുരുളിയില്‍ അഭിനയിക്കുന്നതില്‍ ആശയക്കുഴപ്പമില്ലായിരുന്നെന്ന് നടി ഗീതി സംഗീത വ്യക്തമാക്കി. സിനിമ ഇങ്ങനെയാണെന്ന് അറിയാമായിരുന്നു. ലിജോ കാര്യങ്ങൾ പറഞ്ഞുതന്നിരുന്നു. എല്ലാ സിനിമയും തിയറ്ററുകളിൽ റിലീസ് ചെയ്യാനുള്ളതാണെന്നും ഗീതി മനോരമ ന്യൂസിനോട് പറഞ്ഞു

ENGLISH SUMMARY:

The "Churuli" film faces controversy as actor Joju George accuses director Lijo Jose Pellissery over the script's profanity. Joju stated he was told it was a "festival film." Lijo released payment details, with actors like Jaffer Idukki and Vinay Forrt supporting the director.