darmendra-joju

TOPICS COVERED

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്രയുടെ വിയോഗത്തില്‍ ഹൃദയഭേദകമായ കുറിപ്പുമായി സംവിധായകന്‍ പത്മകുമാര്‍ മാങ്ങാട്ട്. ജോസഫ് സിനിമയുടെ റീമേക്കുമായി ബന്ധപ്പെട്ട് സണ്ണി ഡിയോളിനെ കാണാന്‍ പോയപ്പോള്‍ ധര്‍മേന്ദ്രയേയും ആദ്യമായി കണ്ട അനുഭവമാണ് പത്മകുമാര്‍ പങ്കുവച്ചത്.  പ്രതീക്ഷിച്ചതിനേക്കാൾ ഹൃദ്യമായിട്ടാണ് ധരംജി സ്വീകരിച്ചതെന്നും മലയാള സിനിമയും മമ്മൂട്ടിയും മോഹൻലാലും ഒക്കെ സംസാരവിഷയമായി എന്നും പത്മകുമാര്‍ പറഞ്ഞു. 

ജോസഫ് സിനിമകണ്ടതിന് ശേഷം തന്നെ ചേര്‍ത്തുപിടിച്ച് അഭിനന്ദിച്ചുവെന്നും ‘ജോസഫ്’ സംവിധാനം ചെയ്തതിന് തനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ് ആ വാക്കുകളും ഗാഢാലിംഗനവും എന്നും സംവിധായകന്‍ കുറിക്കുന്നു. നായകകഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജിനെ പറ്റിയും ധര്‍മേന്ദ്ര അന്വേഷിച്ചു. ധര്‍മേന്ദ്രയുടെ ജന്മദിനത്തിന് ടൈറ്റില്‍ അനൗൺസ് ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും പക്ഷെ അതിനു കാത്തു നിൽക്കാതെ ധരംജി വിടവാങ്ങിയെന്നും കുറിപ്പില്‍ പത്മകുമാര്‍ പറഞ്ഞു. 

കുറിപ്പിന്‍റെ പൂര്‍ണരൂപം

ധർമ്മേന്ദ്ര വിടവാങ്ങി..

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഹീമാൻ - പ്രണയരംഗങ്ങളുടെ തീവ്രത കൊണ്ടും അസാമാന്യമായ ആക്ഷൻ പ്രകടനങ്ങൾ കൊണ്ടും ഒരു തലമുറയുടെ മുഴുവൻ മനസ്സു കീഴടക്കിയ ധർമ്മേന്ദ്ര എന്ന സൂപ്പർ ഹീറോയാണ് നിറപ്പകിട്ടുള്ള ഒരു പാടു മികച്ച കഥാപാത്രങ്ങളെ ഓർമ്മകളിലൊതുക്കി യാത്രയാവുന്നത്. ധരംജി എന്നു സിനിമാലോകം വിളിക്കുന്ന ധർമ്മേന്ദ്രയുമായുള്ള എന്‍റെ കണ്ടുമുട്ടൽ അത്യധികം വികാരാധീനമായിരുന്നു, എന്നെ സംബന്ധിച്ച്.. 

2022 ൽ ‘ജോസഫ് ‘ എന്ന ഞാൻ സംവിധാനം നിർവ്വഹിച്ച സിനിമയുടെ ഹിന്ദി റീമേക്കിന്‍റെ ചർച്ചകൾക്കായി അതിന്‍റെ ഹിന്ദിയിലെ നായകൻ സണ്ണി ഡിയോളുമായി ഞാൻ കാണുന്നത് മണാലിയിലുള്ള അദ്ദേഹത്തിന്‍റെ വസതിയിൽ വച്ചായിരുന്നു.. കൂടെ എന്‍റെ നിർമ്മാതാവായ കമൽജിയും (കമൽ മുക്കൂട്ട്). സണ്ണിയെ കാണുന്നതിനു മുൻപ് മണാലിയിലെ വിസ്തൃതമായ ഫാം ഹൗസിന്‍റെ പുൽത്തകിടിയിൽ കസേരയിട്ടിരിക്കുന്ന ധർമ്മേന്ദ്രയെയാണ് ആദ്യം കണ്ടത്. കേരളത്തിൽ നിന്നെത്തിയ എന്നെപ്പോലുള്ള ഒരു സംവിധായകനെ ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ഹൃദ്യമായിട്ടാണ് ധരംജി സ്വീകരിച്ചത്.. മലയാള സിനിമയും മമ്മൂട്ടിയും മോഹൻലാലും ഒക്കെ ധരംജിയുടെ സംസാരവിഷയമായിരുന്നു.. 

അതിനു ശേഷം ഞങ്ങൾ സണ്ണിയുമായി സംസാരിക്കുന്നതിനിടക്ക് ധരംജിയും കുടുംബവും അവരുടെ ഹോം തിയറ്ററിൽ ‘ജോസഫ്‘ കണ്ടു (അവർക്കു കാണാനായി മാത്രം ജോസഫ് ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്തു വച്ചിരുന്നു, കമൽജി) ചർച്ചകൾ കഴിഞ്ഞ് ഓഫീസ് മുറിയിൽ നിന്ന് ഞങ്ങൾ ഫാംഹൗസിന്‍റെ സ്വീകരണമുറിയിലേക്ക് എത്തിയപ്പോൾ ധരംജി അവിടെ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. കമൽജിയും മറ്റുള്ളവരും മുമ്പിലും ഞാൻ ഏറ്റവും പുറകിലുമായി ഹാളിലേക്കു കയറി. മറ്റുള്ളവരോടെല്ലാം ഇരിക്കാൻ ആംഗ്യം കാട്ടി, ഞാൻ അരികിലേക്കെത്തിയപ്പോൾ ധരംജി ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു. എന്‍റെ മുന്നിൽ ഇന്ത്യൻ സിനിമയിലെ സൂപ്പർതാരമായിരുന്ന മഹാനടൻ എന്നെ തന്നെ നോക്കി ഒരല്പനേരം നിന്നു.. ആ കണ്ണുകൾ തിളങ്ങുന്നതും സ്നേഹമോ വാത്സല്യമോ ഒക്കെ ഇടകലർന്ന ഒരു വികാരം അതിൽ വന്നു നിറയുന്നതും എനിക്കു കാണാമായിരുന്നു. പിന്നെ ആ കൈകൾ കൊണ്ട് എന്നെയൊന്നു ചേർത്തു പിടിച്ചു. 'വെല്‍ ഡണ്‍ ബേട്ടാ, വെല്‍ ഡണ്‍' എന്നു പറഞ്ഞതുമാത്രം ഞാൻ കേട്ടു. പിന്നെ അദ്ദേഹം പറഞ്ഞതു മുഴുവൻ എന്‍റെയുള്ളിൽ നിറഞ്ഞുകവിഞ്ഞ വികാരാവേശത്തിൽ എനിക്കു കേൾക്കാനാവാത്ത വിധം മുങ്ങിപ്പോയിരുന്നു. ഒടുവിൽ “ജോസഫാ” യി സ്ക്രീനിൽ ജീവിച്ച ആ നടന്‍റെ പേരു ചോദിച്ചതും ഞാൻ ജോജുവിനെ കുറിച്ച് പറഞ്ഞതും മാത്രമേ എന്‍റെ ബോധതലത്തിലുള്ളു. ‘ജോസഫ്’ എന്ന സിനിമ സംവിധാനം ചെയ്തതിന് എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ് ആ വാക്കുകളും ഗാഢാലിംഗനവും എന്ന് ഞാനിന്നും വിശ്വസിക്കുന്നു. 

അതിനു ശേഷം രണ്ടോ മുന്നോ തവണ കൂടി ഞാൻ മണാലിയിൽ പോയിരുന്നു. രണ്ടു തവണ ധരംജിയെ വീണ്ടും കണ്ടു..അന്നു കണ്ട അതേ സ്നേഹവും വാത്സല്യവും ഒരു തരിക്കുപോലും കുറവില്ലാതെ എനിക്കു കിട്ടുകയും ചെയ്തു. കൂട്ടത്തിൽ കുസൃതി നിറഞ്ഞ ഓരോർമ്മ കൂടി പങ്കുവെക്കട്ടെ.. ഒരു തവണ മണാലിയിലെ വീട്ടിൽ ധരംജിയുടെ കൂടെ സാന്നിധ്യത്തിൽ സിനിമയുടെ കാസ്റ്റിങ്ങിനെ കുറിച്ചുള്ള ചർച്ച നടക്കുന്നു. ആദ്യവട്ട ചർച്ചകളിൽ നായികയെ കുറിച്ചുള്ള ചർച്ചയും കയറി വരുന്നു. ബോളിവുഡിലെയും അല്ലാതെയും ഉള്ള പല നായികമാരുടെ പേരുകൾ പരാമർശിക്കപ്പെടുന്നു. പല പേരുകൾ, പല അഭിപ്രായങ്ങൾ.. ഒടുവിൽ ഒരു തീരുമാനത്തിനു വേണ്ടി ധരംജിയോടു ചോദിക്കുന്നു.. ഇത്രയും നായികമാരുണ്ട്, ഇതിലാരാണ് താങ്കളുടെ അഭിപ്രായത്തിൽ അനുയോജ്യമവുക? 

ഒട്ടും ലാഗ് ഇല്ലാതെ ധരംജിയുടെ മറുപടി: നായികമാരുടെ കാര്യം മാത്രം എന്നോടു ചോദിക്കരുത്, എല്ലാ നായികമാരേയും എനിക്കിഷ്ടമാണ് ! ഒരു പോലെ ! അവിടെ അന്നു മുഴങ്ങിയ കൂട്ടച്ചിരി ഇന്നും കാതുകളിലുണ്ട്.

'ജോസഫി’ന്‍റെ ഹിന്ദി റീമേക്ക് പൂർത്തിയായി..ഡിസംബർ ആദ്യം, ധരംജിയുടെ ജന്മദിനത്തിന് ടൈറ്റില്‍ അനൗൺസ് ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷെ അതിനു കാത്തു നിൽക്കാതെ ധരംജി വിടവാങ്ങി. സണ്ണി ഡിയോൾ ആ കഥാപാത്രത്തെ എത്ര ഉജ്വലമായി തന്നിലേക്ക് ആവാഹിച്ച് അവതരിപ്പിച്ചു എന്ന് കാണാൻ കൂട്ടാക്കാതെ അദ്ദേഹത്തിനു യാത്ര പറയേണ്ടി വന്നു. എങ്കിലും എനിക്കറിയാം, ഞങ്ങൾക്കറിയാം. കണ്ണെത്താനാവാത്ത ഉയരങ്ങളിൽ എവിടെയോ നിന്ന് അദ്ദേഹം ഞങ്ങളെ അനുഗ്രഹിക്കും.. ആശീർവ്വദിക്കും.. ഒരിക്കൽ എന്നെ ചേർത്തു പിടിച്ചതുപോലെ ഞങ്ങളുടെ ഈ സിനിമയേയും തന്‍റെ ഹൃദയത്തോടു ചേർത്തു വെക്കും. എനിക്കുറപ്പുണ്ട്.

ENGLISH SUMMARY:

Dharmendra's demise has deeply saddened the film industry. Padmakumar Mangatt shares a heartfelt tribute recounting his meeting with the legendary actor during discussions for the Hindi remake of 'Joseph'.