മലയാളത്തിന്‍റെ പ്രിയ നായിക ശാരദയ്ക്ക് ഇന്ന് എന്‍പതാം പിറന്നാള്‍. തെലുങ്കില്‍ നിന്ന് മലയാളത്തിലെത്തിയ ശാരദ ഒരുപിടി മികച്ച കഥാപാത്രങ്ങൾ ആണ് പ്രേക്ഷകർക്ക് നൽകിയത്.
വെളുപ്പിലും കറുപ്പിലും സിനിമ കളിച്ചിരുന്നൊരു കാലം. ഉദയായുടെ ഇണപ്രവുകൾ എന്ന സിനിമക്ക് വേണ്ടി നടിയെ തേടുന്നു. തമിഴിൽ ഹിറ്റ് ആയിരുന്ന അരുണഗിരിനാധർ എന്ന സിനിമ കണ്ട കുഞ്ചാക്കോ ആണ് ശാരദയെ മലയാള സിനിമയിലേക്ക് ക്ഷണിക്കുന്നത്. ഗാനരംഗത്തിലൂടെ ചുവടു വച്ച് തെലുങ്ക് സിനിമയിൽ അരങ്ങേരിയ ശാരദാ തമിഴ് വഴി അങ്ങനെ മലയാളത്തിന്റെ ദുഃഖപുത്രി ആയി.
എംടിയുടെ ആദ്യ തിരക്കഥയായ മുറപ്പെണിലെ അഭിനയം വഴിത്തിരിവായി. പകൽക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത് എന്നീ എക്കാലത്തേയും മനോഹരമായ എംടി ചിത്രങ്ങളിലെ നായികയായി ശാരദാ. എൻ.റ്റി രാമററാവുവിന്റെ സിനിമയിൽ ചൈൽഡ് ആർട്ടിസ്റ് ആയി വന്ന ശാരദാ പിന്നീട് അദ്ദേഹത്തിന്റെ നായികയായി. മലയാളത്തിൽ സത്യൻ, നസീർ, മധു തുടങ്ങിയവർക്കൊപ്പം മത്സരിച്ച് അഭിനയിച്ചു.
സിനിമയിലെ വൈകാരിക മുഹൂർത്ഥങ്ങൾക്കൊപ്പം ശാരദാ പാടി അഭിനയിച്ച ഗാനങ്ങൾ നിത്യഹരിതമായിരുന്നു. എസ്. ജാനകിയുടെ ശബ്ദമാണ് വെള്ളിത്തിരയിലെ ശാരദയ്ക്ക് ഏറ്റവുമിണങ്ങുക. പ്രണയവും വിരഹവും വാത്സല്യവും ഭക്തിയുമെല്ലാം അലയടിക്കുന്ന കഥാപാത്രങ്ങളാണ് ശാരദാ പ്രേക്ഷകര്‍ക്ക് നൽകിയത്.
1996-ൽ തെന്നാലിയിൽ നിന്ന് ലോക്സഭയിൽ എത്തി. സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി ഒരുക്കിയ ഹേമ കമ്മിറ്റിയിലെ അംഗം കൂടിയായിരുന്നു ശാരദാ. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ സരസ്വതി ടീച്ചേരെയും, കാശ്മീരത്തിലെ ഉഷ വർമയെയും ഉൾപ്പെടെ മറക്കാനാവാത്ത കഥാപാത്രങ്ങൾ നൽകിയ ശാരദാ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മഴത്തുള്ളിക്കിലുക്കത്തിലൂടെയാണ് മലയാളത്തിൽ തിരിച്ചെത്തിയത്. അഭിനയത്തിന് പുറമെ ഭദ്രദീപം എന്നൊരു ചിത്രം നിർമ്മിച്ചു.3 ദേശീയ പുരസ്കാരങ്ങളും തേടിയെത്തി. മലയാളത്തിൻ്റെ പ്രിയ നായികക്ക് പിറന്നാള് ആശംസകള്‍.