വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്നവും കമല്‍ ഹാസനും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു ആരാധകര്‍ക്ക്. ഒപ്പം എ.ആര്‍.റഹ്മാനും കൂടി ചേര്‍ന്നപ്പോള്‍ എന്തോ വലുത് തന്നെ വരുന്നുവെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. റിലീസിന് മുന്നേ പുറത്തുവന്ന പാട്ടുകളും ട്രെയിലറുമൊക്കം പ്രേക്ഷക പ്രതീക്ഷകളെ ഉയര്‍ത്തുന്നതുമായിരുന്നു.
എന്നാല്‍ പ്രതീക്ഷകളെ തെറ്റിക്കുന്നതായിരുന്നു ചിത്രത്തിന്‍റെ തിയേറ്ററിലെ പ്രതികരണങ്ങള്‍. ആദ്യ ഷോ മുതൽ ട്രോളുകളും വിമർശനങ്ങളും ഉയർന്നു. ബോക്സ് ഓഫീസില്‍ തഗ് ലൈഫ് തകര്‍ന്നടിഞ്ഞു. തഗ് ലൈഫിന്‍റെ പരാജയത്തില്‍ ഇപ്പോള്‍ മനസ് തുറക്കുകയാണ് മണിരത്നം. പ്രേക്ഷകരോട് ഖേദം പ്രകടിപ്പിച്ച മണിരത്നം പ്രേക്ഷകര്‍ മറ്റെന്തോ പ്രതീക്ഷിച്ചുവെന്ന് പറഞ്ഞു. 123 തെലുങ്കിനോടായിരുന്നു സംവിധായകന്‍റെ പ്രതികരണം.
'നായകന്‍ പോലെ മറ്റൊരുചിത്രം പ്രതീക്ഷിച്ചവരോട് ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. വീണ്ടും അങ്ങനെ ഒരു ചിത്രം നിര്‍മിക്കുക എന്നതായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം. പുതിയൊരു അനുഭവം നല്‍കാമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ആരാധകര്‍ മറ്റെന്തോ പ്രതീക്ഷിച്ചു. അതൊരു തെറ്റിദ്ധാരണയായിരുന്നു,' മണിരത്നം പറഞ്ഞു.