തമിഴ് സിനിമയുടെ ദളപതിക്ക് ഇന്ന് 51–ാം ജന്‍മദിനം. വെള്ളിത്തിരയില്‍ സൂപ്പര്‍ ഹിറ്റാണ് വിജയ്. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അരസിയലില്‍ തമിഴ്മകന്‍ ഹിറ്റാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. പക്കത്ത് വീട്ടിലെ പയ്യനെ പോലെയാണ് ആരാധകര്‍ക്ക് വിജയ്., റൊമാന്‍സും ആക്ഷനും കിടിലന്‍ നൃത്തച്ചുവടുകളുമെല്ലാമായി ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം അയാള്‍ കീഴടക്കി. പത്താംവയസില്‍ വെട്രിയിലൂടെ ബാലതാരമായെത്തിയ വിജയ്‌യെ തമിഴ്സിനിമയുടെ ദളപതിയാക്കി മാറ്റി ഉയിരിനേക്കാളേറെ സ്നേഹിക്കുന്ന ആരാധകര്‍.
സംവിധായകനും നിര്‍മാതാവുമായി അച്ഛന്‍ എസ്.എ.ചന്ദ്രശേഖരന്‍ തന്നെയാണ് മകനെ നായകപദവിയിലേക്കുയര്‍ത്തി ആദ്യകാല ചിത്രങ്ങള്‍ ഒരുക്കിയത്. തുള്ളാതെ മനവും തുളളും വഴിത്തിരിവായി. 2000-ല്‍ ഇറങ്ങിയ പ്രിയമാനവളെ, ഖുഷി എന്നിവയോടെ താരസിംഹാസനം ഉറപ്പിച്ചു. ഗില്ലി, പോക്കിരി, തുപ്പക്കി തുടങ്ങി ആരാധകര്‍ നെഞ്ചേറ്റിയ എത്രയെത്രെ ചിത്രങ്ങള്‍.
തുടര്‍ച്ചയായി രണ്ടുചിത്രങ്ങള്‍ നൂറുകോടി ക്ലബില്‍ എത്തിച്ചിട്ടുണ്ട് വിജയ്. അതും ഒരേ സംവധായകന്‍റെ ചിത്രങ്ങള്‍. എ.ആര്‍.മുരുകദോസുമായി ഒന്നിച്ച തുപ്പാക്കിയും പിന്നെ കത്തിയും. ഇനി ജന നായകന് വേണ്ടിയുള്ള കാത്തിരിപ്പാണ്. ഒപ്പം തമിഴക രാഷ്ട്രീയത്തില്‍ ജന നായകനായി തിളങ്ങാന്‍ എത്ര കണ്ട് വിജയ്ക്ക് സാധിക്കുമെന്നറിയാനുള്ള കാത്തിരിപ്പും. അടുത്തവര്‍ഷം തമിഴ്നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ടിവികെയും വിജയ്‌യും എത്രത്തോളം നേട്ടമുണ്ടാക്കുമെന്ന് കാത്തിരുന്ന് കാണാം.