തനിയാവര്‍ത്തനമില്ലാത്ത തിരക്കഥകള്‍ക്കൊപ്പം ഒരു സംവിധായകന്‍റെ യാത്ര ഇന്ന് നാല് പതിറ്റാണ്ട് പിന്നിടുന്നു. സിബി മലയില്‍ സ്വതന്ത്ര സംവിധായകനായിട്ട് ഇന്ന് നാല്‍പത് വര്‍ഷം. 85ല്‍ പുറത്തിറങ്ങിയ മുത്താരംകുന്ന് പി.ഒയില്‍ തുടങ്ങി നാല് പതിറ്റാണ്ടിനിടയില്‍ സിബി മലയില്‍ ഒരുക്കിയ നാല്‍പത്തിയേഴ് ചിത്രങ്ങള്‍ക്കും മണ്ണിന്‍റെയും മനുഷ്യന്‍റെയും ഗന്ധമാണ്.
ഫാസിലിനും പ്രിയദര്‍ശനുമൊപ്പമൊക്കെ പ്രവര്‍ത്തിച്ചശേഷം സിബി മലയില്‍ സംവിധായകനായി വരവറിയിച്ച മുത്താരംക്കുന്ന് പി.ഒ. ജഗദീഷിന്‍റെ കഥയില്‍ ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ ചിത്രം. വരവറിയിച്ച മുത്താരംകുന്ന് മതിയാകില്ല മുന്നോട്ടുള്ള യാത്രയ്‍ക്കെന്ന് തിരിച്ചറിഞ്ഞ ഒരു ചെറുപ്പക്കാരന്‍ സിനിമാക്കാരന്‍റെ തെരഞ്ഞെടുപ്പാണ് പിന്നീടുള്ള ഒാരോ ചിത്രവും മലയാളിക്ക് കാണിച്ചുതന്നത്, ചേക്കേറാനൊരു ചില്ല, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, രാരീരം തുടങ്ങിയ ചിത്രങ്ങള്‍ പിന്നിട്ട് തനിയാവര്‍ത്തനത്തിലെത്തിയതോടെ തിരക്കഥയ്ക്കുമേല്‍ നടന്മാര്‍ മല്‍സരിച്ചഭിനയിച്ച കഥാപരിസരത്തുനിന്ന് മലയാളി ചോദിച്ചു. ആരാണ് ഈ സിബി മലയില്‍.
പ്രതിഭകള്‍ ചേര്‍ന്നപ്പോള്‍ തനിയാവര്‍ത്തനങ്ങളില്ലാത്ത സിനിമകളുടെ പിറവിയാണ് പിന്നീട് നാം കണ്ടത്. എഴുതാപ്പുറങ്ങള്‍, മുദ്ര, കിരീടം, ദശരഥം തുടങ്ങി എണ്‍പതുകളുടെ അവസാനംവരെ സിബി മലയില്‍ ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്നതൊക്കെയും ഇന്ന് മലയാളിയുടെ നൊസ്റ്റാള്‍ജിയയാണ്. പേരെടുത്ത് പറയേണ്ടാത്ത കാലത്തിന്‍റെ അടയാളം.
ഹിസ് ഹൈനസ് അബ്ദുള്ളയും, ഭരതവും കഴിഞ്ഞ് തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ സദയത്തിന്‍റെ ദൃശ്യഭാഷ വായനാനുഭവത്തിനപ്പുറമുള്ള വേദനയില്‍ കാഴ്ചക്കാരെ കഴുമരം കയറ്റി. മനുഷ്യബന്ധങ്ങളുടെ ആഴങ്ങളില്‍നിന്ന് ഉയിര്‍കൊണ്ട കമലദളവും ആകാശദൂതും മായാമയൂരവും ഉള്‍പ്പടെ ആ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. അക്കൂട്ടത്തില്‍ കാലം തെറ്റി പിറന്ന ചിത്രങ്ങളുമുണ്ടായി. വര്‍ഷങ്ങള്‍ക്കിപ്പുറം റീറിലീസിനെത്തിയ ദേവദൂതനൊക്കെ പുതിയ സിനിമാകാലത്തെ പ്രേക്ഷകര്‍ കള്‍ട്ട് ക്ളാസിക് എന്ന് പറയുമ്പോള്‍ സേതുമാധവനും ബാലന്‍ മാഷിനും രാജീവ് മേനോനും ആനിക്കുമൊക്കെ ആക്ഷനും കട്ടും പറഞ്ഞ ആ പേരിന് കയ്യടി. സിബി മലയില്‍.