ഈച്ചയെ ചൊല്ലി സിനിമാ വിവാദം. മലയാള സിനിമ ലൗലിക്കെതിരെ പകര്‍പ്പവകാശലംഘനം ആരോപിച്ച് രാജമൗലി ചിത്രമായ ഈഗയുടെ നിര്‍മാതാവ് സായി കൊറപതി വക്കീല്‍ നോട്ടീസയച്ചു. ലൗലി സിനിമയിലെ കഥാപാത്രമായ ഈച്ച രാജമൗലിയുടെ ഈഗയിലെ ഈച്ചയുടെ അസല്‍ പകര്‍പാണെന്നാണ് ആരോപണം. ആരോപണം നിഷേധിച്ച ലൗലി സിനിമയുെട സംവിധായകന്‍ ദിലീഷ് കരുണാകരന്‍ വിഷയം നിയമപരമായി നേരിടുമെന്ന് അറിയിച്ചു. 

ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്ത് ആഷിക് അബു ഛായാഗ്രാഹകനായ ലൗലി കഴിഞ്ഞ മെയ് 16നാണ് തിയറ്ററുകളിലെത്തിയത്.  ലൗലിയെന്ന സിനിമയിലെ കഥാപാത്രമായ ഈച്ച കോപ്പിയടിച്ചതാണെന്നാണ് ഈഗ സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ ആരോപണം. 2012ല്‍ രാജമൗലി സംവിധാനം ചെയ്ത ഈഗയിലെ ഈച്ച പകര്‍ത്തിയത് നിയമലംഘനമാണെന്ന് ആരോപിച്ചാണ് ലൗലിയുടെ നിര്‍മാതാക്കളായ വെസ്റ്റേണ്‍ ഘട്ട് പ്രൊഡക്ഷന്‍സിനും നിയോ എന്‍റര്‍ടെയിന്‍മെന്‍റ്സിനും വക്കീല്‍ നോട്ടീസ് ലഭിച്ചത്.

ലൗലി സിനിമയുമായി നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ക്കൊപ്പം സിനിമയില്‍നിന്ന് ലഭിച്ച വരുമാനവും കൈമാറിയില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറഞ്ഞു. എന്നാല്‍ ലൗലിയിലെ ഈച്ചയുടെ നിര‍്‍മാണം എങ്ങനെയാണെന്ന്  തെളിയിക്കാന്‍ കഴിയുന്ന എല്ലാ സാങ്കേതിക കാര്യങ്ങളും കൈവശമുണ്ടെന്ന് സംവിധായകന്‍ ദീലീഷ് കരുണാകരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

തിയറ്ററുകളില്‍  സാമ്പത്തികമായി പരാജയപ്പെട്ട ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ എത്തിയത് . വിഷയം നിയമപരമായിതന്നെ നേരിടുമെന്ന് ദിലീഷ് വ്യക്തമാക്കിയതോടെ ഈച്ച  വിഷയം കോടതി കയറുമെന്ന് ഉറപ്പായി. 

ENGLISH SUMMARY:

Sai Korrapati, producer of SS Rajamouli's 'Eega', has sent a legal notice to the Malayalam film 'Lovely', alleging copyright infringement. He claims 'Lovely' copied the fly character from 'Eega'. 'Lovely' director Dileesh Karunakaran denies the accusation.