ഇന്ന് പുറത്ത് വന്ന ഏറ്റവും ഹൃദ്യമായ ചിത്രമായിരുന്നു നടന്‍ ജഗതി ശ്രീകുമാറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ച. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ ഫ്ളൈറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ മുഖ്യന്‍ പങ്കുവക്കുകയും ചെയ്തിരുന്നു. 'ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു,' എന്നാണ് ചിത്രത്തിനൊപ്പം ജഗതി കുറിച്ചത്.
ഇരുവരും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ പറ്റി സംസാരിക്കുകയാണ് ജഗതിയുടെ മകള്‍ പാര്‍വതി. ജഗതി വയ്യാതെ കിടന്നപ്പോഴും പിണറായി വിജയന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇരുവരും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും പാര്‍വതി മനോരമ ന്യൂസിനോട് പറഞ്ഞു.
'പപ്പ വയ്യാതെ കിടന്നപ്പോഴും രണ്ടോ മൂന്നോ തവണ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. വീണയുടെ ആദ്യവിവാഹത്തിന് ക്ഷണിക്കുകയും പപ്പ പോവുകയും ചെയ്തതാണ്. അവര്‍ തമ്മില്‍ നല്ല ബന്ധത്തിലാണ്. എവിടെവച്ച് കണ്ടാലും ഒരു കുശലം പറച്ചിലുള്ളതാണ്, ഇപ്പോഴും അങ്ങനെ തന്നെയാണ്, എവിടെ വച്ച് കണ്ടാലും അദ്ദേഹം പപ്പയോട് വന്ന് സംസാരിക്കും. അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങിനെ പോയപ്പോള്‍ ഫ്ലൈറ്റില്‍ വച്ച് കണ്ട രംഗമാണ് ഇത്. ആ ചിത്രം അദ്ദേഹം പങ്കുവച്ചതില്‍ ഒരുപാട് സന്തോഷം,' പാര്‍വതി പറഞ്ഞു.