മോഹന്‍ലാല്‍ ആരാധകര്‍ക്കിതാ സന്തോഷകരമായ വാര്‍ത്ത. മോഹൻലാലിന്‍റെ ഊട്ടിയിലെ സ്വകാര്യ വസതിയായ 'ഹൈഡ് എവേ' ഇനി വിനോദസഞ്ചാരികൾക്കും ആരാധകർക്കുമായി തുറന്നുകൊടുക്കുന്നു. 'ലക്സ് അൺലോക്ക്' എന്ന വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ മൂന്ന് കിടപ്പുമുറികളുള്ള ആഢംബര വില്ലയിൽ ഒട്ടേറെ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഏകദേശം പത്തുവര്‍ഷം മുന്‍പ് നിര്‍മിച്ച ആഢംബര വില്ല, കുട്ടികൾ ഊട്ടിയിൽ പഠിക്കുമ്പോൾ കുടുംബത്തിലെ എല്ലാവര്‍ക്കും ഒത്തുചേരാനുള്ള ഒരു സ്ഥലമായിരുന്നു.കുടുംബത്തോടൊപ്പം അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനും ആദ്ദേഹം ഈ വില്ലയിലെത്തിയിരുന്നു. ഊട്ടിയില്‍നിന്ന് 15 മിനിറ്റ് യാത്ര ചെയ്താല്‍ ഈ ആഡംബരവസതിയില്‍ എത്താം.
ഈ വില്ലയിൽ 3 കിടപ്പുമുറികളാണുള്ളത്. മൂന്ന് കിടപ്പുമുറികളില്‍ ഒന്ന് മാസ്റ്റര്‍ ബെഡ്‌റൂം ആണ്. മോഹന്‍ലാലിന്റെ മക്കളായ പ്രണവിന്റേയും വിസ്മയയുടേയും പേരിലാണ് മറ്റ് രണ്ട് കിടപ്പുമുറികള്‍. ഇതിന് പുറമേ ഒരു ലിവിങ് റൂമും ഒരു ഡൈനിങ് റൂമും ഫാമിലി റൂമും ടിവി ഏരിയയും ഇവിടെയുണ്ട്.
300 മോഹൻലാൽ കാരിക്കേച്ചറുകളുള്ള ഒരു ഫാമിലി റൂം, 'മരക്കാർ: അറബിക്കടലിന്റെ സിംഹം', 'ബറോസ് 3D' തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാൽ ഉപയോഗിച്ച തോക്കുകളുടെ മാതൃകകളുള്ള ഒരു 'ഗൺ ഹൗസ്' എന്നിവയും ഈ വില്ലയില്‍ കാണാന്‍ സാധിക്കുന്നതാണ്. ഇതിനെല്ലാം പുറമെ, വില്ലയ്ക്ക് സമീപമുള്ള വനങ്ങളിൽ പലപ്പോഴും പുള്ളിപ്പുലികളെ കാണാറുണ്ടെന്നും 'ലക്സ്അൺലോക്ക്' എന്ന വെബ്സൈറ്റില്‍ പറയുന്നു. ഒരുരാത്രിയും പകലും താമസിക്കാന്‍ 37,000 രൂപയാണ് വാടക.
25 വർഷത്തിലേറെയായി മോഹൻലാൽ കുടുംബത്തിനൊപ്പമുള്ള ഷെഫിന്റെ സേവനവും ഇവിടെ ലഭിക്കും. മികച്ച താമസാനുഭവം ഉറപ്പാക്കാൻ ഒരു കൺസിയർജ് സേവനവും ലഭ്യമാണ്. കേരളീയഭക്ഷണം ഉള്‍പ്പെടെ ഇവിടെ ലഭിക്കും. സൈറ്റില്‍ വിവരങ്ങള്‍ കണ്ടതോടെ ആഢംബര വില്ലയിൽ താമസിക്കാനുള്ള തയാറെടുപ്പിലാണ് ആരാധകര്‍.