lal-jagathy

TOPICS COVERED

നടന്‍ ജഗതി ശ്രീകുമാറിന്‍റെ അഭിനയശൈലിയെ വിമര്‍ശിച്ച് ലാല്‍. ഷോട്ട് എടുക്കുമ്പോള്‍ പ്രതീക്ഷിക്കാതെ ഡയലോഗുകളോ ചലനങ്ങളോ ഇടുന്നത് ഒട്ടും പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ലാത്ത കാര്യമാണെന്ന് ലാല്‍ പറഞ്ഞു. അങ്ങനെ ചെയ്യുന്നത് ഒപ്പമുള്ള ആര്‍ടിസ്റ്റുകളെ ബുദ്ധിമുട്ടിലാക്കും എന്നും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ പറ‍ഞ്ഞു. 

‘അമ്പിളിച്ചേട്ടനെപറ്റി പറയുമ്പോൾ ഏറ്റവും കൂടുതൽ പറയുന്ന ഒരു കാര്യമാണ്, പുള്ളി ഷോട്ട് എടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗ് പറയും, ചില ചലനങ്ങൾ ഇടും. അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ്. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തു കഴിഞ്ഞാൽ സംവിധായകൻ നിർബന്ധമായും പറയണം, ഒന്നുകിൽ അതു പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്നു പറയണം അല്ലെങ്കിൽ നന്നായിരുന്നു, അതുകൊണ്ട് ഓക്കെ എന്നു പറയണം. അതല്ലെങ്കിൽ അതു വേണ്ട എന്നു പറഞ്ഞ് മാറ്റണം.

അതല്ലാതെ അതൊരു കഴിവായിട്ടും മിടുക്കായിട്ടും വയ്ക്കുന്നത് ഒട്ടും ശരിയായിട്ടുള്ള കാര്യമല്ല. അത് ഏതു വലിയ നടനാണെങ്കിലും. അത് ആ സീനിനെ ബാധിക്കുമോ എന്നുള്ളതിനേക്കാൾ ഉപരിയായി കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകൾ ഉണ്ട്. നമ്മൾ ഒരു കാര്യം തീരുമാനിച്ച് ഉറപ്പിച്ചാണ് പോയിരിക്കുന്നത്. ഇയാൾ പറഞ്ഞു നിർത്തുന്ന ഡയലോഗിന്‍റെ അവസാന വാക്ക് ഇതാണ്, ആ വാക്ക് ബന്ധപ്പെട്ടായിരിക്കും ചിലപ്പോൾ ഞാൻ ഡയലോഗ് പറയേണ്ടത്. ആ കണക്‌ഷൻ നഷ്ടപ്പെട്ടു കഴിഞ്ഞാൽ നമുക്കത് പറയാൻ ബുദ്ധിമുട്ട് വരും.

ചിലപ്പോൾ നമ്മൾ പറഞ്ഞു ഒപ്പിക്കുമായിരിക്കും. പക്ഷേ അത് നമ്മുടെ പറഞ്ഞൊപ്പിക്കലാകും. അപ്പോ ദുർബലം ആകുന്നത് ഈ നടനാണ്. അദ്ദേഹം അവിടെ ജയിക്കും. ഇവിടെ ഒരാൾ അതിനൊപ്പം പരാജയപ്പെടും. അതുകൊണ്ട് അതൊട്ടും ശരിയായിട്ടുള്ള കാര്യമല്ല. ഈ സ്വന്തമായി അല്ലെങ്കിൽ സ്പൊണ്ടേനിയസ് ആയി ഇടുക എന്നു പറയുന്നത് ഒട്ടും നല്ല ലക്ഷണമല്ല,’  ലാല്‍ പറഞ്ഞു.

ENGLISH SUMMARY:

Actor Lal criticized Jagathy Sreekumar's acting style. Lal stated that it's inappropriate to unexpectedly change dialogues or add movements while shooting a scene, as it can cause difficulties for fellow actors. He emphasized that such practices should not be encouraged.