അവതാരകയായി ശ്രദ്ധ നേടി സിനിമരംഗത്തേക്കും ചുവടുവച്ച താരമാണ് അഖില ശശിധരന്‍. കാര്യസ്ഥന്‍, തേജാ ഭായ് ആന്‍ഡ് ഫാമിലി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയനായികയായി അഖില മാറിയിരുന്നു. പിന്നീട് സിനിമകളില്‍ നിന്നും അപ്രത്യക്ഷമായ അഖില മറ്റ് കലാപരമായ കാര്യങ്ങളില്‍ സജീവമായിരുന്നു.
ഇപ്പോള്‍ തന്‍റെ ഭക്ഷണരീതികളെ പറ്റി പറയുകയാണ് അഖില. താന്‍ 17 വര്‍ഷമായി ശുദ്ധവെജിറ്റേറിയനാണെന്ന് അഖില പറഞ്ഞു. ഭക്ഷണം ശുദ്ധമാണെങ്കില്‍ മനസ് ശുദ്ധമാകുമെന്നും ബുദ്ധി നിലനില്‍ക്കുമെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ അഖില പറഞ്ഞു.
'എല്ലാവര്‍ക്കും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാന്‍ 17 വര്‍ഷമായി ശുദ്ധവെജിറ്റേറിയനാണ്. ഛാന്ദോഗ്യോപനിഷത്തില്‍ പറഞ്ഞിട്ടുള്ളത് നമ്മുടെ ഭക്ഷണം ശുദ്ധമാണെങ്കില്‍ മനസും ശുദ്ധമാകും, മനസ് ശുദ്ധമാണെങ്കില്‍ ബുദ്ധി നിലനില്‍ക്കും എന്നാണ്. ബുദ്ധി നിലനില്‍ക്കുമ്പോഴാണ് ബന്ധനങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 48ല്‍ പശുവിനെ കൊല്ലുന്നതിനെതിരെ പറയുന്നുണ്ട്. ഭരണഘടന മാത്രം ശരിയെന്ന് പറയുന്ന ആളുകളുമുണ്ടല്ലോ.
പിന്നെ രാജ്യത്തെ ഭൂരിഭാഗം വരുന്ന ഒരു വിഭാഗം പശുവിനെ പവിത്രമായി കരുതുന്നുണ്ട്. മറ്റുള്ളവരുടെ വികാരത്തേയും മാനിക്കണം. എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ സങ്കീര്‍ണത എത്രത്തോളം കുറയ്ക്കുന്നുവോ അത്രയും കരുതലുള്ളവരാവും. വികാരങ്ങളുള്ള ഒരു ജീവിയെ കഴിക്കുമ്പോള്‍ കൊല്ലുന്ന സമയത്തുണ്ടായിരുന്ന വികാരം എന്താണോ അതും കൂടിയാണ് കഴിക്കുന്നത്,' അഖില പറഞ്ഞു.