പണം നല്‍കിയില്ലെങ്കില്‍ സിനിമയെക്കുറിച്ച് മോശം റിവ്യൂ പറയുമെന്ന് ഭീഷണിപ്പെടുത്തിയതായി സംവിധായകനും നിര്‍മാതാവുമായ വിപിന്‍ ദാസ്. 'വ്യസനസമേതം ബന്ധുമിത്രാദികള്‍' എന്ന ചിത്രത്തിന് റിവ്യൂ പറയാനാണ് 'Cinephile' എന്ന ചാനലിന്‍റെ ഉടമ ബിജിത്ത് വിജയന്‍ പണം ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ സിനിമയെക്കുറിച്ച് മോശം റിവ്യൂ നൽകുമെന്ന് നിർമാതാവിനെയും സിനിമയുടെ അണിയറപ്രവർത്തകരെയും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
പണം നല്‍കാത്തതിനെ തുടര്‍ന്ന് ഈ ചാനലില്‍ സിനിമയെക്കുറിച്ച് മോശം റിവ്യൂ ഇടുകയും ചെയ്തു. പിന്നാലെ സംവിധായകന്‍ പൊലീസിനെ സമീപിച്ചിരുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.സിനിമയുടെ പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിൽ ആയതിനാൽ അവിടെയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
റിവ്യൂവിന് വരുന്ന പോസിറ്റിവ് കമന്റുകള്‍ അപ്പ്രൂവ് ചെയ്യാതിരിക്കുകയും നെഗറ്റിവ് കമന്റുകള്‍ ബോധപൂര്‍വം ഇടുകയും ചെയ്യുന്നത് പതിവാണ്. ചിത്രം ഇറങ്ങും മുന്‍പ് തന്നെ ഹേറ്റ് ക്യാംപെയ്‌നുകള്‍ ആരംഭിക്കുന്നത് സാമ്പത്തിക താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ്. പണം നല്‍കി ഫേക്ക് പ്രമോഷന്‍ നടത്തില്ലെന്നത് തന്റെ നയമാണ്. അതില്‍ മാറ്റമില്ല. സിനിമ വിജയിപ്പിക്കാന്‍ തനിക്ക് ഇടനിലക്കാരുടെ ആവശ്യമില്ലെന്നും വിപിന്‍ദാസ് പറഞ്ഞു. ഫെഫ്കയിലും പരാതി നല്‍കിയിട്ടുണ്ട്. കാഴ്ചക്കാരെ സ്വാധീനിക്കുന്നതിനായി മനപ്പൂര്‍വം നെഗറ്റിവ് റിവ്യൂ ഇട്ട് സിനിമയെ തകര്‍ക്കുകയാണ്. ഇത് സിനിമ വ്യവസായത്തെ മാത്രമല്ല അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും തകര്‍ക്കും. മൊബൈല്‍ഫോണുള്ള ആര്‍ക്കും ആരെയും അധിക്ഷേപിക്കാമെന്ന സ്ഥിതിക്ക് മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.
അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികള്‍'. 'വാഴ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യൂ ബി ടി എസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്,സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കര്‍ നിര്‍വ്വഹിക്കുന്നു. അഭിനേതാക്കളായ അശ്വതി, ജോമോന്‍, സിജു സണ്ണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.