പകയുടെ മേമ്പൊടിയോടെ എത്തിയ ഒട്ടനവധി സിനിമകളുണ്ട് മലയാളത്തിൽ. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായി പകയുടേയും വിശ്വാസ വഞ്ചനയുടെയും കഥ പറയുന്ന ചിത്രമാണ് ശ്രീനാഥ് ഭാസി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘പൊങ്കാല’. ചുരുക്കി പറഞ്ഞാൽ പ്രതികാരത്തിൽ കൊത്തിയെടുത്ത വിചിത്ര കഥ. സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ നിന്നുകൊണ്ട് കഥ പറയുന്ന ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് പശ്ചാത്തല സംഗീതവും ആക്ഷൻ രംഗങ്ങളുമാണ്.
കൊച്ചിയിലെ വൈപ്പിനിലാണ് കഥ നടക്കുന്നത്. 2000 ആണ് കാലഘട്ടം. അബി എന്ന കഥാപാത്രത്തിന്റെ വ്യത്യസ്ത കാലഘട്ടവും അവൻ അനുഭവിച്ച വേദനയുടെയും നെടുവീർപ്പിന്റെയും പ്രണയത്തിന്റെയും ചോരപുരണ്ട അധ്യായമാണിത്. സഖാവ് ചന്ദ്രന്റെ നരേഷനോടെ ആരംഭിക്കുന്ന ചിത്രം പ്രേക്ഷകനെ പിന്നീട് കൊണ്ടുപോകുന്നത് ഫ്ലാഷ് ബാക്കിലേക്കാണ്.
തരകൻ സാബു ആണ് വൈപ്പിൻ ഹാർബറിലെ എല്ലാം. ഇയാൾ അനുജന്മാരായി കാണുന്നവരാണ് അബി അടക്കമുള്ളവർ. എന്തിനും ചങ്ക് പറിച്ചു കൊടുത്തിരുന്ന ഇവർ തമ്മിൽ പിന്നീട് രണ്ടുചേരിയായി മാറുന്നു. ശേഷം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒടുവിൽ ഒപ്പം നിന്നവർ തന്നെയാണ് തന്റെ ജീവിതത്തിൽ ഇരുട്ട് നൽകിയതെന്ന് അബി തിരിച്ചറിയുന്നു.
അബി എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസി എത്തുമ്പോൾ, ബാബുരാജ് ആണ് തരകൻ സാബു ആയെത്തിയത്. ചിത്രത്തിൽ ചെറിയ വേഷം ചെയ്തവർ മുതൽ പ്രധാന റോളിൽ എത്തിയവർ വരെ തങ്ങളുടേ ഭാഗങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ബാല്യകാലത്ത് കയറിക്കൂടിയ ഓർമകളും വേദനകളും പേറി, മൗനം എന്ന സ്ഥായി ഭാവത്തോടെ, തന്റെ വികാരങ്ങൾ പുറത്ത് കാണിക്കാനാകാതെ അലയുന്ന കഥാപാത്രമാണ് ശ്രീനാഥ് ഭാസിയുടേത്. ആ വേഷം തന്മയത്തത്തോടെ അവതരിപ്പിക്കാൻ നടന് സാധിച്ചിട്ടുമുണ്ട്.