മെഹന്തി വിവാദത്തിന് പിന്നാലെ അഞ്ജലി നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ തെറ്റെന്ന് ചൂണ്ടിക്കാണിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ്. പൊതുസമൂഹത്തിന് മുൻപിൽ വന്ന് നിന്ന് ചെയ്ത തെറ്റ് ഇനി ആവർത്തിക്കാതിരിക്കാൻ താൻ ശ്രമിക്കുമെന്നുള്ള ഉറപ്പവർ തരുന്നത് ഒരു മികച്ച കാര്യമാണെന്നും അങ്ങനെ ചെയ്ത അഞ്ജലിയെ ആക്രമിക്കരുതെന്നുമാണ് എന്‍റര്‍ടെയിന്‍മെന്‍റ് ഹബ്ബ് എന്ന് ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റില്‍ പറയുന്നത്.
അഞ്ജലിയുടെ തെറ്റ് മനസ്സിലാക്കി കൊടുത്തു നേർവഴിക്ക് നയിക്കാനായിരുന്നു കമന്‍റ് ഇടുന്നവരുടെ ശ്രമമെങ്കിൽ അവരുടെ രീതിയും ഭാഷയും ഒന്നും ഇത്തരത്തിൽ ആയിരിക്കില്ലെന്നും അഞ്ജലിയിൽ നിന്നും സംഭവിച്ച മോശം കാര്യത്തെ ഒരു അവസരം ആക്കി അവരുടെ ഉള്ളിലെ വൈകൃതങ്ങൾ പുറത്ത് തള്ളുകയാണെന്നും പോസ്റ്റില്‍ പറയുന്നു. തെറ്റ് ഏറ്റുപറഞ്ഞിട്ടും അവരുടെ കമൻറ് ബോക്സിൽ ചെന്ന് അശ്ലീലം എഴുതി വിടുന്നവർ ചെയ്യുന്ന് മറ്റൊരു തെറ്റാണെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
അസ്ഥാനത്ത് ആയിപ്പോയ ഒരു പ്രാങ്ക് കോൾ, ആർജെ അഞ്‌ജലിക്ക് പറ്റിയ ഒരു അബദ്ധം. ചെയ്തത് തെറ്റാണ് എന്ന് മനസ്സിലാക്കിയ അവർ ക്ഷമയും പറഞ്ഞു, അപമാനിതയായ ആ വനിത സംരംഭകയോട് സംസാരിച്ചെന്നും പറഞ്ഞു. ഇത്തരത്തിൽ, പൊതുസമൂഹത്തിന് മുൻപിൽ വന്ന് നിന്ന് ചെയ്ത തെറ്റ് ഇനി ആവർത്തിക്കാതിരിക്കാൻ താൻ ശ്രമിക്കുമെന്നുള്ള ഉറപ്പവർ തരുന്നത് ഒരു മികച്ച കാര്യമാണ്. ഈ സ്ത്രീയോട് ക്ഷമ ചോദിച്ചെങ്കിൽ അതും ഒരു നല്ല കാര്യമാണ്.
പക്ഷേ ഇപ്പോഴത്തെ പ്രശ്നം അതല്ല. തെറ്റ് ഏറ്റുപറഞ്ഞ് തിരുത്താൻ തയ്യാറായ ഒരാളെ സോഷ്യൽ മീഡിയ എങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നതെന്നറിയാമോ? അതറിയണമെങ്കിൽ അഞ്ജലിയുടെ സോഷ്യൽ ഹാൻഡിൽസിലെ കമന്റ് ബോക്സിൽ നോക്കിയാൽ മതി.
തെറിയും അശ്ലീലവും ഒക്കെ എഴുതി ആനന്ദം കണ്ടെത്തുകയാണ് ഒരു സമൂഹം.
സത്യത്തിൽ ഈ കമന്റ് തൊഴിലാളികൾക്ക് ഒന്നും അവരെ തിരുത്തണമെന്നോ ബാധിക്കപ്പെട്ട സ്ത്രീയോട് അനുതാപം പ്രകടിപ്പിക്കണമെന്നോ ഒന്നുമില്ല. അവനവന്റെ ഉള്ളിലെ വൈകൃതം എവിടെയെങ്കിലും കൊണ്ട് ഒട്ടിക്കുക എന്നത് മാത്രമാണ് അവിടെ പ്രധാനം. അതിനവർക്ക് തൽക്കാലത്തേക്ക് കിട്ടിയ ഒരു സ്ഥലം മാത്രമാണ് അഞ്ജലിയുടെ വാൾ.
ഒരാളെ അയാളുടെ തെറ്റ് മനസ്സിലാക്കി കൊടുത്തു നേർവഴിക്ക് നയിക്കാനാണ് അവരുടെ ശ്രമമെങ്കിൽ അവരുടെ രീതിയും ഭാഷയും ഒന്നും ഈ തരത്തിൽ ആയിരിക്കില്ല. അഞ്ജലിയിൽ നിന്നും സംഭവിച്ച മോശം കാര്യത്തെ ഒരു അവസരം ആക്കി അവരുടെ ഉള്ളിലെ വൈകൃതങ്ങൾ കൊണ്ട് വൈകൃതങ്ങൾ പുറത്ത് തള്ളുന്നു, സത്യത്തിൽ ഈ കൂട്ടർക്കും വേണം ഒരു ചികിത്സ. പറഞ്ഞുവരുന്നത് ഇത്രയേ ഉള്ളൂ, അഞ്ജലിയും ആ കൂടെയുണ്ടായിരുന്ന കുട്ടിയും ആ സ്ത്രീയോട് ചെയ്തത് തെറ്റ്, ആ തെറ്റ് ഏറ്റുപറഞ്ഞിട്ടും അവരുടെ കമൻറ് ബോക്സിൽ ചെന്ന് അശ്ലീലം എഴുതി വിടുന്നവർ ചെയ്യുന്നതും മറ്റൊരു തെറ്റ്.