ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമുള്ള ക്രിയേറ്റേഴ്സിന് ആശ്വാസ വാർത്ത. നിങ്ങളുടെ വീഡിയോയോ ചിത്രമോ മറ്റാരെങ്കിലും മോഷ്ടിക്കുകയോ അനുമതിയില്ലാതെ ഉപയോഗിക്കുകയോ ചെയ്താൽ ഇനി ഉടൻതന്നെ മെറ്റ നിങ്ങളെ അറിയിക്കും. കണ്ടെന്‍റുകൾ മറ്റൊരാൾ ഉപയോഗിച്ച് പണം ഉണ്ടാക്കുന്നത് തടയാനും, കണ്ടെന്‍റിന്മേലുള്ള അവകാശം പൂർണ്ണമായി നിലനിർത്താനും ഈ പുതിയ സംവിധാനം ക്രിയേറ്റർമാരെ സഹായിക്കും. യൂസേഴ്സ് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കണ്ടെന്‍റുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ വേണ്ടിയാണ് മെറ്റ ഈ പുതിയ ടൂൾ അവതരിപ്പിച്ചത്.
മെറ്റ നേരത്തെ അവതരിപ്പിച്ച 'റൈറ്റ്‌സ് മാനേജർ' എന്ന ടൂളിനെ കൂടുതൽ ശക്തമാക്കിയാണ് ഈ പുതിയ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്. നിങ്ങൾ ഒരു ചിത്രം അല്ലെങ്കിൽ വീഡിയോ ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ ഇടുമ്പോൾ, റൈറ്റ്‌സ് മാനേജർ അത് സംരക്ഷിക്കും. അതിനുശേഷം, ആ ഉള്ളടക്കം മറ്റാരെങ്കിലും അവരുടെ പേജിൽ ഉപയോഗിച്ചാൽ, ഉടൻതന്നെ യഥാർത്ഥ ക്രിയേറ്റർക്ക് നോട്ടിഫിക്കേഷൻ ലഭിക്കും.
ഈ അറിയിപ്പ് ലഭിച്ചാൽ, മോഷ്ടിക്കപ്പെട്ട ഉള്ളടക്കം അവിടെനിന്ന് നീക്കം ചെയ്യാനോ അല്ലെങ്കിൽ അവർക്ക് ഉപയോഗിക്കാൻ അനുവാദം നൽകാനോ യഥാർത്ഥ ക്രിയേറ്റർക്ക് സാധിക്കും. പകർപ്പവകാശം ലംഘിച്ച് ഉള്ളടക്കം ഉപയോഗിക്കുന്നത് തടയാൻ ക്രിയേറ്റർമാർക്ക് ഇത് വലിയ സഹായകമാകും. കണ്ടെന്‍റുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ മെറ്റാ നൽകുന്ന ശക്തമായ പിന്തുണയാണ് ഈ പുതിയ സംവിധാനം.