ഈ മാസം 23നായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും സംഗീത സംവിധായകൻ പലാഷ് മുച്ഛലും തമ്മിലുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി വിവാഹം മാറ്റിവയ്ക്കപ്പെട്ടു. സ്മൃതിയുടെ പിതാവിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് വിവാഹം മാറ്റിവച്ചെതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. എന്നാല്‍ ഇതിനിടെ പലാഷ് മറ്റൊരു യുവതിയോട് നടത്തിയതെന്ന് കരുതപ്പെടുന്ന സ്വകാര്യ സംഭാഷണങ്ങള്‍ പുറത്തുവന്നടോടെ പലാഷിന്‍റെ മറ്റ് ബന്ധങ്ങളാണ് വിവാഹം മാറ്റിവയ്ക്കാന്‍ കാരണമായത് എന്ന അഭ്യൂഹം പരന്നു. സ്മൃതി പലാഷുമൊത്തുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തതും ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കിടയില്‍ ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാം ബയോ അപ്ഡേറ്റ് ചെയ്തതാണ് നിലവില്‍ ചര്‍ച്ചയായിരിക്കുന്നത്. 

‘നസ്സർ’ ഇമോജി ഉപയോഗിച്ചാണ് സ്മൃതിയും പലാശും ഇൻസ്റ്റഗ്രാം ബയോ അപ്ഡേറ്റ് ചെയ്തത്. ‘നസ്സർ’ എന്ന വാക്കിന് കാഴ്ച എന്നാണ് അർഥം. ദൃഷ്ടി പതിയാതിരിക്കുക എന്ന അർഥത്തോടെയാണ് നീലക്കണ്ണിന്റെ രൂപത്തിലുള്ള ഇമോജി പൊതുവേ ഉപയോഗിക്കാറുള്ളത്, അതേസമയം, രണ്ടുപേരും ഒരുമിച്ച് ബയോ അപ്ഡേറ്റ് ചെയ്തത് എന്തിനാണ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. യാദൃശ്ചികമായി സംഭവിച്ചതാണോ അതോ ഇരുവരും പരസ്പരം തീരുമാനിച്ചാണോ ഇത് ഇട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും ഇതൊരു ശുഭസൂചനയാണ് ആരാധകർ കരുതുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് ഇതിന്‍റെ അര്‍ഥമെന്നും അനുമാനിക്കുന്നവരുണ്ട്.

അതേസമയം, സ്മൃതിയുടെയും പലാഷിന്‍റെയും വിവാഹം ഉടൻ നടക്കുമെന്ന് പലാഷിന്റെ അമ്മയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യം ഇരുവരേയും ഒരുപോലെ വേദനിപ്പിച്ചിട്ടുണ്ടെന്നും വിവാഹം ഉടനെ തന്നെ നടക്കുമെന്നുമാണ് അമിത മുചഛല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'തന്റെ വധുവായി സ്മൃതി വീട്ടിലേക്ക് വരുന്നത് പലാഷ് ഒരുപാട് സ്വപ്‌നം കണ്ടതാണ്. സ്മൃതിയെ വരവേല്‍ക്കാന്‍ ഞാനും തയ്യാറായിരുന്നു. എല്ലാം ശരിയാവും. വിവാഹവും നടക്കും' അമിത പറഞ്ഞു.

പലാഷ് മുച്ചലും മേരി ഡികോത്തയും തമ്മില്‍ നടത്തിയതെന്ന് കരുതുന്ന ഇന്‍സ്റ്റഗ്രാം ചാറ്റുകളുടെ സ്ക്രീന്‍ഷോട്ടുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതിന് സ്ഥീരികരണമൊന്നും ഉണ്ടായിട്ടില്ല. എങ്കിലും സ്ക്രീന്‍ഷോട്ടുകളില്‍ പലാഷിന്‍റെ പേരും ഐഡിയും ഉണ്ടായിരുന്നു. മേരി ഡികോത്തയുടേത് പ്രൈവറ്റ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ്. മേരി ഡികോത്ത ഒരു ഡാന്‍സ് കൊറിയോഗ്രാഫറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല പലാഷിന്റെയും സ്മൃതിയുടെയും വിവാഹത്തിന് നൃത്തം കൊറിയോഗ്രഫി ചെയ്യാന്‍ ചുമതല ഇവര്‍ക്കായിരുന്നെന്നും ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇക്കാര്യത്തില്‍ സ്മൃതിയോ പലാഷോ ഇരുവരുടേയും കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2019ലാണ് സ്മൃതിയും സംഗീത സംവിധായകനായ പലാഷും തമ്മില്‍ പ്രണയത്തിലായത്. 2024 വരെ ഇരുവരും സ്വകാര്യമായി സൂക്ഷിച്ച പ്രണയം കഴിഞ്ഞ വര്‍ഷമാണ് പരസ്യമായത്.

ENGLISH SUMMARY:

Indian cricket team Vice-Captain Smriti Mandhana and music director Palash Muchhal have updated their Instagram bios with the 'Nazar' (blue eye) emoji, which is commonly used to ward off the evil eye. This update comes amidst rampant speculation that their November 23 wedding was postponed not only due to Smriti's father's cardiac episode but also following the leak of alleged private chats between Palash and a woman named Mary D'Costa. Palash's mother, Amita Muchhal, recently confirmed that the wedding is still on and will take place soon. The synchronized bio update is seen by fans as a positive sign that all is well between the couple, counteracting the rumors fueled by the removal of joint photos from Smriti's Instagram.