മഴയെ വെല്ലുന്ന സ്വീകാര്യതയാണ് 'വ്യസനസമേതം ബന്ധുമിത്രാദികള്‍' സിനിമയ്ക്ക് ലഭിച്ചതെന്നും പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും സംവിധായകന്‍ എസ് .വിപിന്‍. എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രകഥാപാത്രമായ ഒരു നായകന്റെ കഥയല്ല ചിത്രം. പലര്‍ക്കും ഇത് പ്രൊഡ്യുസ് ചെയ്യാന്‍ ധൈര്യമില്ലായിരുന്നു. സാധാരണ കണ്ടുവരുന്ന നായകത്വം ഉള്ള സിനിമയല്ലിത്. തിരക്കഥയില്‍ വിശ്വാസമര്‍പ്പിച്ചാണ് വിപിന്‍ദാസ് ഈ ചിത്രം നിര്‍മിക്കാന്‍ മുന്നോട്ട് വന്നത്. ചെറിയ ബജറ്റ് ചിത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിക്കും എന്നതിന് തെളിവാണിത്. വാഴയുടെ വിജയവും ഇത്തരത്തിലുള്ളതായിരുന്നു. സിനിമ ആഗ്രഹിക്കുന്ന സിനിമാക്കാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വിപിന്‍ദാസിനെ പോലെയുള്ള പ്രൊഡ്യൂസര്‍മാര്‍ മലയാള സിനിമയുടെ പ്രതീക്ഷയാണെന്നും എസ് വിപിന്‍ പറഞ്ഞു. 

സിനിമയെയും അഭിനേതാക്കളെയും തകര്‍ക്കാന്‍ മനഃപൂര്‍വം ചിലര്‍ നെഗറ്റിവ് കമന്റുകള്‍  ഇടുകയാണെന്നും ഇതിനെതിരെ പാലാരിവട്ടം പോലിസില്‍ പരാതി നല്‍കിയതായും സംവിധായകനും 'വ്യസനസമേതം ബന്ധുമിത്രാദികള്‍' സിനിമയുടെ നിര്‍മ്മാതാവുമായ വിപിന്‍ ദാസ് പറഞ്ഞു. റിവ്യൂവിന് വരുന്ന പോസിറ്റിവ് കമന്റുകള്‍  അപ്പ്രൂവ് ചെയ്യാതിരിക്കുകയും നെഗറ്റിവ് കമന്റുകള്‍ ബോധപൂര്‍വം ഇടുകയും ചെയ്യുന്നത് പതിവാണ്. ചിത്രം ഇറങ്ങും മുന്‍പ് തന്നെ ഹേറ്റ് ക്യാംപെയ്‌നുകള്‍ ആരംഭിക്കുന്നത് സാമ്പത്തിക താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ്. പണം നല്‍കി ഫേക്ക് പ്രമോഷന്‍ നടത്തില്ലെന്നത് തന്റെ നയമാണ്. അതില്‍ മാറ്റമില്ല. സിനിമ വിജയിപ്പിക്കാന്‍ തനിക്ക് ഇടനിലക്കാരുടെ ആവശ്യമില്ലെന്നും വിപിന്‍ദാസ് പറഞ്ഞു. ഫെഫ്കയിലും  പരാതി നല്‍കിയിട്ടുണ്ട്. കാഴ്ചക്കാരെ സ്വാധീനിക്കുന്നതിനായി മനപ്പൂര്‍വം നെഗറ്റിവ് റിവ്യൂ ഇട്ട് സിനിമയെ തകര്‍ക്കുകയാണ്. ഇത് സിനിമ വ്യവസായത്തെ മാത്രമല്ല അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും തകര്‍ക്കും. മൊബൈല്‍ഫോണുള്ള ആര്‍ക്കും ആരെയും അധിക്ഷേപിക്കാമെന്ന സ്ഥിതിക്ക് മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. 

അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികള്‍'. 'വാഴ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യൂ ബി ടി എസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്,സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കര്‍ നിര്‍വ്വഹിക്കുന്നു.അഭിനേതാക്കളായ അശ്വതി, ജോമോന്‍, സിജു സണ്ണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ENGLISH SUMMARY:

Director S. Vipin shared that producing Vyasanasametham Bandhumithradikal was a bold decision as many hesitated due to its unconventional narrative. The film, which avoids traditional hero-centric storytelling, has gained warm reception despite heavy rains. Vipin praised producer Vipin Das for backing a low-budget project driven by content and passion. He also condemned targeted negative reviews and revealed he had filed police and FEFKA complaints against online hate campaigns. The film stars Anaswara Rajan, Baiju Santhosh, Aziz Nedumangad, Siju Sunny, and others, with cinematography by Raheem Abubacker. The movie is produced in collaboration with Telugu production house Shine Screens.