TOPICS COVERED

തെലുങ്കില്‍ ഇറങ്ങുന്ന 99 ശതമാനം സിനിമകളും പരാജയപ്പെടാറില്ലെന്ന് മോഹന്‍ലാല്‍. അവിടുത്തെ പ്രേക്ഷകര്‍ സിനിമയെ അത്രത്തോളം ബഹുമാനിക്കുന്നുവെന്നും വിജയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. താരം കൂടി ഭാഗമാകുന്ന ബിഗ് ബജറ്റ് തെലുങ്ക് ചിത്രം കണ്ണപ്പയുടെ കൊച്ചിയില്‍ വച്ച് നടന്ന പ്രൊമോഷനിടെയാണ് മോഹന്‍ലാലിന്‍റെ പരാമര്‍ശങ്ങള്‍. 

'ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയാണ് തെലുങ്ക് ഇൻഡസ്ട്രി. ഏറ്റവും കൂടുതൽ സിനിമയെ സ്നേഹിക്കുന്ന ആൾക്കാരാണ്. അവിടുത്തെ സിനിമകൾ 99 ശതമാനവും പരാജയപ്പെടാറില്ല. കാരണം അവിടുത്തെ പ്രേക്ഷകർ സിനിമയെ അത്രയധികം ബ​ഹുമാനിക്കുന്നു, അവർ എങ്ങനെയെങ്കിലും ആ സിനിമയെ വിജയത്തിലെത്തിക്കാനായി ശ്രമിക്കുന്നു.

അങ്ങനെയൊരു ഇൻഡസ്ട്രിയിൽ നിന്ന് അവർ ഒരു വലിയ സിനിമയെടുത്തു. ഒരുപാട് വർഷത്തെ പ്ലാനിങ് ആണ് ഈ സിനിമ. ന്യൂസിലാൻഡിലാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇത്രയധികം ആളുകളുമായി രണ്ടും മൂന്നും പ്രാവശ്യം അവിടെപ്പോയാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. അപ്പോൾ അത്ര കഷ്ടപ്പെട്ട് ഒരു സിനിമ ചെയ്ത് അത് മൊഴിമാറ്റം ചെയ്ത് തെലുങ്ക് പ്രേക്ഷകർ കാണുന്നതു പോലെ ഇന്ത്യയിലെ മറ്റ് ഭാഷകളിലുള്ളവർ കാണണമെന്ന സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പുറത്തുകൊണ്ടുവന്ന സിനിമയാണ്.

അത് മൊഴിമാറ്റം ചെയ്ത് മലയാളത്തിലേക്ക് വരുകയാണ്. ഒരു സിനിമയെ വിജയിപ്പിക്കുക എന്നത് നമ്മുടെ കടമയാണ്. അങ്ങനെ സംഭവിക്കട്ടെ, ഈശ്വരന്റെ അനു​ഗ്രഹം കണ്ണപ്പയ്ക്ക് ഉണ്ടാകട്ടെ,' മോഹൻലാൽ പറഞ്ഞു.

ENGLISH SUMMARY:

Malayalam superstar Mohanlal praised the Telugu film industry during the promotional event of the big-budget film Kannappa held in Kochi. He stated that 99% of Telugu films rarely fail at the box office because their audience deeply respects cinema and supports genuine efforts toward success. Mohanlal is also a part of Kannappa