പൊതുവേദിയിൽ ആരാധകരിൽ നിന്ന് വാൾ സമ്മാനമായി സ്വീകരിക്കാൻ വിസമ്മതിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. ചെന്നൈയിൽ നടന്ന പാർട്ടി മീറ്റിംഗിനിടെയാണ് സംഭവം. കമൽ ഹാസന് വാൾ നൽകാനായി നാല് ആരാധകർ വേദിയിലേക്ക് കയറിവരുന്നതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
കമൽഹാസൻ തമിഴ്നാട്ടിൽ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ യോഗം നടന്നത്. പരിപാടിയില്‍ കമല്‍ഹാസനൊപ്പം ഫോട്ടോയെടുക്കാൻ നിരവധി ആളുകൾ തടിച്ചുകൂടിയിരുന്നു. ഇതിനിടെയാണ് രണ്ട് മൂന്ന് പേർ കൈയിൽ വാളുകളുമായി വേദിയിലേക്ക് കടന്നുവന്നത്. ആദ്യം ശാന്തനായി ഫോട്ടോയ്ക്ക് പോസ് ചെയ്ത കമൽ ഹാസൻ, ആരാധകർ വാൾ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ ദേഷ്യപ്പെടുകയും, എടുക്കേണ്ടെന്ന് ആംഗ്യം കാണിക്കുകയും ചെയ്തു. എന്നിട്ടും ആരാധകര്‍ വാളൂരാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. ഉടന്‍തന്നെ പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
വാളുമേന്തി കമല്‍ഹാസന്‍ നില്‍ക്കുന്ന ചിത്രമെടുക്കണമെന്ന് ആരാധകൻ ആവശ്യപ്പെട്ടതാണ് കമൽഹാസനെ ചൊടിപ്പിച്ചതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. താരത്തിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്താണ് ആരാധകര്‍ മടങ്ങിയത്. നിമിഷനേരം കൊണ്ട് തന്നെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
വാള്‍ സമ്മാനമായി നല്‍കിയതിന് എന്തിനാണിത്ര ദേഷ്യപ്പെടുന്നതെന്ന് ഒരാള്‍ കമന്‍റ് ചെയ്തപ്പോള്‍ കമല്‍ഹാസനെ കൊല്ലാനായിരുന്നോ ശ്രമമെന്നാണ് മറ്റൊരു പ്രേക്ഷകന്‍റെ കമന്‍റ്. അതേസമയം വലിയ പ്രതീക്ഷകളോടെ എത്തിയ കമൽ ഹാസന്റെ മണിരത്‌നം ചിത്രം തഗ് ലൈഫിന് തിയേറ്ററിൽ വലിയ വിജയം നേടാനായില്ല.
കമൽ ഹാസനൊപ്പം സിമ്പുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.