മോഹന്‍ലാല്‍– തരുണ്‍ മൂര്‍ത്തി ചിത്രം തുടരും തന്‍റെ സിനിമ മോഷ്ടിച്ച് സിനിമയാക്കിയതാണെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. താൻ എഴുതിയ തീയാട്ടം എന്ന സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയതാണ് തുടരും എന്ന് സനല്‍ പറഞ്ഞു. മഞ്ജു വാര്യർ, ടോവിനോ തോമസ്, മുരളി ഗോപി, സുധീർ കരമന തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയായി സെഞ്ച്വറി പ്രൊഡക്ഷൻ അതിന്റെ നിർമാണം നടത്തുന്നതിനും ധാരണയായിരുന്നുവെന്നും തിരക്കഥ ഇവരൊക്കെ വായിച്ചിട്ടുള്ളതുമാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സംവിധായകന്‍ പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

തുടരും എന്ന സിനിമ കണ്ടു. 2020 ൽ ഞാൻ എഴുതിയ തീയാട്ടം എന്ന സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും. അതിന്റെ ഉള്ള് എന്താണെന്ന് മനസിലാക്കാനുള്ള വിവരമില്ലാത്തതുകൊണ്ടോ തിരിച്ചറിയാത്ത രീതിയിൽ മാറ്റിയെഴുതാൻ മനഃപൂർവം ഒഴിവാക്കിയതോ കൊണ്ട് ഉള്ള് ഇപ്പോഴും ഭദ്രമാണ്. അമ്പി എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ഓട്ടോറിക്ഷയിൽ ഒരാളെ കൊന്ന് അയാളുടെ തല അറുത്ത് വെച്ച ശേഷം അമ്പിയെ പോലീസ് കുടുക്കുന്നതാണ് കഥ. “കൊന്നാൽ പാപം തിന്നാൽ തീരും” എന്ന എന്റെ തിരക്കഥയിലെ ഒരു അവശ്യ ഡയലോഗ് ഒരാവശ്യവും ഇല്ലാഞ്ഞിട്ടും ഇതിൽ പറയുന്നുണ്ട്. തെളിവുകൾ ഒന്നും ബാക്കിവെക്കാതെ മോഷ്ടിക്കാൻ വിദഗ്ധരായ കള്ളന്മാർ പോലും ചില കൗതുകങ്ങൾ കൊണ്ട് സ്വയം മറന്നുപോകും. അതുപോലൊന്നാണ് ആ ഡയലോഗിന്റെ ഉപയോഗം എന്ന് തോന്നി. 

മഞ്ജു വാര്യർ, ടൊവിനോ തോമസ്, മുരളി ഗോപി, സുധീർ കരമന തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയായി സെഞ്ച്വറി പ്രൊഡക്ഷൻ അതിന്റെ നിർമാണം നടത്തുന്നതിനും ധാരണയായിരുന്നു. തിരക്കഥ ഇവരൊക്കെ വായിച്ചിട്ടുള്ളതുമാണ്. അഞ്ചു വർഷങ്ങൾ വലിയൊരു കാലയളവായതുകൊണ്ട് അവരത് മറന്നുപോയെക്കാൻ സാധ്യതയുണ്ട്. എന്റെ തിരക്കഥ ഉടൻ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.

ENGLISH SUMMARY:

Director Sanal Kumar Sasidharan has alleged that the upcoming Mohanlal–Tarun Moorthy film Thudarum is based on a story he originally wrote. In a Facebook post, Sanal claimed that the film was made by stealing the essence of his project Theeyattam. He stated that Century Productions was previously in talks to produce Theeyattam as a separate film featuring Manju Warrier, Tovino Thomas, Murali Gopy, and Sudheer Karamana — and that many of them had read his script.