തെലുങ്കില്‍ മാസ് ഹീറോയായും മലയാളത്തില്‍ ട്രോള്‍ മറ്റീരിയലായും ഉപയോഗിക്കുന്ന താരമാണ് ബാലയ്യ എന്ന് വിളിപേരുള്ള നന്ദമൂരി ബാലകൃഷ്ണ. താരത്തിന്‍റെ അതിമാനുഷികമായ കഥാപാത്രങ്ങളും ആക്ഷന്‍ രംഗങ്ങളും ടോളിവുഡില്‍ ഹിറ്റാണെങ്കിലും മലയാളികള്‍ക്ക് കോമഡിയാണ്. എന്നാല്‍ അടുത്തിടെ വന്ന ചില ബാലയ്യ ചിത്രങ്ങള്‍ മലയാളികളും സ്വീകരിക്കുകയും നല്ല അഭിപ്രായങ്ങള്‍ പറയുകയും ചെയ്തിരുന്നു.
താരത്തിന്‍റെ ഹിറ്റ് ചിത്രം അഖണ്ഡയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലെ ബാലയ്യയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. പ്രസംഗത്തിനിടെ താരത്തിന്‍റെ വെപ്പുമീശ ചെറുതായി ഇളകി. എന്നാല്‍ ബാലയ്യ പതറിയില്ല, അതൊരു സ്പിരിറ്റിലെടുത്ത്. പ്രസംഗത്തിനിടെ മൈക്ക് കയ്യില്‍ വച്ചുകൊണ്ടുതന്നെ പശ ചോദിച്ചു, ശേഷം പ്രസംഗം തുടര്‍ന്നു. അല്പസമയത്തിനകം പശ വന്നപ്പോല്‍ തിരിഞ്ഞുനിന്ന് മീശ ഒട്ടിച്ചിട്ട് പ്രസംഗം പഴയതുപോലെ തന്നെ തുടര്‍ന്നു. വേദിയില്‍ വച്ച് മൈക്കും ഫോണുമൊക്കെ തട്ടികളിക്കുന്നതുപോലെ ഇതും ബാലയ്യയുടെ ഒരു കുസൃതി ആണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
അതേസമയം ബോയപട്ടി ശ്രീനു സംവിധാനം ചെയ്യുന്ന അഖണ്ഡ ആദ്യഭാഗത്തേക്കാള്‍ വമ്പന്‍ ആക്ഷനും ഡ്രാമയും ഉള്‍പ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. സെപ്റ്റംബര്‍ 25-ന് ദസറയ്ക്ക് ചിത്രം റിലീസ് ചെയ്യും.