നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന് പിറന്നാള്‍ ആശംസയുമായി മകള്‍ ദിയ കൃഷ്ണയുടെ കുറിപ്പ്. കൃഷ്ണകുമാറിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് ചെറിയൊരു പിറന്നാള്‍ ആശംസയാണ് ദിയയുടെ കുറിപ്പിലുള്ളത്. വലിയ കുറിപ്പിടുന്നതിന് പകരം ഫോളോവേഴ്സിന് അച്ഛനെ പറ്റി എന്തു തോന്നുന്നു എന്ന് കുറിക്കാനാണ് ദിയ ആവശ്യപ്പെടുന്നത്. അദ്ദേഹത്തെ പറ്റി സംസാരിക്കാനുള്ള ഏറ്റവും ശരിയായ സമയമാണിതെന്ന് എനിക്ക് തോന്നുന്നു എന്നും ദിയ എഴുതി.
പോസ്റ്റിന് താഴെ പോസ്റ്റീവായ കമന്‍റുകളാണ് കൂടുതലും. ഡാഡി കൂള്‍ എന്നാണ് ഒരു കമന്‍റ്. ദൃശ്യം, തുടരും ചിത്രങ്ങളെ മോഹന്‍ലാലുമായി കൃഷ്ണ കുമാറിനെ താരതമ്യം ചെയ്താണ് മറ്റൊരു കമന്‍റ്. തന്‍റെ മക്കൾക്ക് വേണ്ടി ഏതറ്റവും പോകുന്ന ഒരു അച്ഛൻ അവിടെ സെലിബ്രിറ്റി സ്റ്റാറ്റസും രാഷ്ട്രീയ ഭാവിയോ നോക്കാത്ത മനുഷ്യൻ, ഈ പ്രശ്നം വന്നതോടുകൂടി കൃഷ്ണകുമാർ എന്ന വ്യക്തി എത്ര നല്ല മനുഷ്യൻ ആണെന്ന് കേരളത്തിലെ രാഷ്ട്രീയ ഭ്രാന്ത് ഇല്ലാത്ത എന്നപോലെ ഉള്ള ജനങ്ങൾക് മനസിലായി എന്നും കമന്‍റുകളുണ്ട്.
ദിയയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസ് വന്ന സമയത്ത് മകളെ പ്രതിരോധിച്ച് നിരന്തരം മാധ്യമങ്ങളെ കണ്ടത് കൃഷ്ണകുമാറായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പലരും കമന്‍റിടുന്നത്. ബിജെപി നേതാവും സിനിമാ നടനുമായ കൃഷ്ണകുമാറിനും രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ നടത്തുന്ന ആഭരണ കടയിലെ വനിതാ ജീവനക്കാരെയും ഭര്‍ത്താക്കന്മാരെയും തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് പണം വാങ്ങിയെന്നാണ് പരാതി.
കടയിലെ ജീവനക്കാര്‍ ക്യൂആര്‍ കോഡ് തട്ടിപ്പിലൂടെ 69 ലക്ഷം രൂപ കവര്‍ന്നെന്നാണ് ദിയയുടെ പരാതി. ഇതിനെതിരെ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് കൃഷ്ണകുമാറിനും ദിയയും അടക്കം കുടുംബത്തിലെ ആറു പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൃഷ്ണകുമാറിന്‍റെ ഓഫീസില്‍ വച്ചു മര്‍ദ്ദനം നടന്നെന്നും പരാതിയിലുണ്ട്.