ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന കാര്യത്തില്‍ പ്രസിദ്ധനാണ് നടന്‍ ബൈജു. സൂപ്പര്‍ താര വ്യത്യാസങ്ങളില്ലാതെ ആര്‍ക്ക് വേണമെങ്കിലും ബൈജുവിന്‍റെ കൗണ്ടര്‍ കിട്ടാം. മമ്മൂട്ടിയെ പറ്റിയുള്ള ബൈജുവിന്‍റെ കൗണ്ടര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സില്ലി മോങ്ക്സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ കണ്ണൂര്‍ സ്ക്വാഡിന്‍റെ ഷൂട്ടിങ് അനുഭവങ്ങള്‍ അസീസ് നെടുമങ്ങാട് പങ്കുവക്കവേയാണ് ബൈജുവിന്‍റെ കമന്‍റ് എത്തിയത്.
'നിങ്ങള്‍ക്ക് യാത്ര ഫീല്‍ ചെയ്യുന്നുണ്ടോ എന്ന് മമ്മൂക്ക ചോദിക്കും. ഫീല്‍ ചെയ്താലേ പടം നന്നാവൂ. അല്ലെങ്കില്‍ ഒരു ഡോക്യുമെന്‍ററി ടൈപ്പില്‍ പോവേണ്ട സിനിമയാണ്. ഇതൊക്കെ ഫീല്‍ ആയാലേ ജനങ്ങള്‍ സിനിമ സ്വീകരിക്കൂ, ഇല്ലെങ്കില്‍ എന്‍റെ പൈസ പോവുമെന്ന് മമ്മൂക്ക പറയും,' അസീസ് പറഞ്ഞു.
ഈ സമയം പുലര്‍ച്ചെ മൂന്ന് മണി വരെ മമ്മൂട്ടി ഷൂട്ടിന് നിന്ന കാര്യം ബൈജു പറയുകയായിരുന്നു. 'പുലര്‍ച്ചെ മൂന്ന് മണി വരെയൊക്കെ ഷൂട്ട് ഉണ്ടായിരുന്നു. മമ്മൂക്ക പുലര്‍ച്ചെ വരെ നിന്ന് തന്നിട്ടുണ്ട്. സ്വന്തം പ്രൊഡക്ഷനായാല്‍ നിക്കും. മമ്മൂക്ക ഇരുന്നാലും ഞാനിത് പറയും. അതിനൊന്നും കുഴപ്പമില്ല. അതിന് അവര്‍ക്ക് ഫീല്‍ ചെയ്താലും എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല,' ബൈജു പറഞ്ഞു.