ഷൈനും സഹോദരങ്ങളും കഥാപാത്രങ്ങളായി ഒപ്പീസ് എന്ന സിനിമ നിർമിക്കാൻ തീരുമാനിച്ചിരുന്നതിനിടെയാണ് പിതാവ് സി.പി.ചാക്കോയുടെ അപകടമരണം. ഒപ്പീസ് എന്ന സിനിമയ്ക്കായി സി.പി.ചാക്കോ കരാർ ഉണ്ടാക്കിയത് മൂന്ന് ദിവസം മുൻപാണ്. കരാറുമായി ഫിലിം ചേംബറിനെ സമർപ്പിക്കാനിരിക്കുകയായിരുന്നു. മറ്റൊരു നിർമാതാവ് നിർമിച്ച സിനിമ ഇടയ്ക്ക് വച്ച് മുടങ്ങുകയായിരുന്നു. ആ നിർമാതാവിൽനിന്ന് സിനിമയുടെ അവകാശം വാങ്ങിയെടുക്കുന്നതിനിടയിലും സി.പി.ചാക്കോ നിരവധി തടസങ്ങൾ നേരിട്ടു.
ഒപ്പീസിന്റെ അവകാശം തനിക്ക് ലഭിച്ച കരാറുമായി സി.പി.ചാക്കോ ഫിലിം ചേംബറിലെത്തി. എന്നാൽ സിനിമയ്ക്ക് മറ്റൊരാൾകൂടി സാമ്പത്തികം മുടക്കിയിട്ടുണ്ടെന്നും തന്നോട് ആനന്ദ് കുമാർ എന്ന നിർമാതാവ് പറഞ്ഞതായി ഫിലിംചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് ഷൈനിന്റെ പിതാവ് സി.പി.ചാക്കോയെ അറിയിക്കുകയായിരുന്നു. അക്കാര്യംകൂടി കരാറിൽ വ്യക്തത വരുത്തണമെന്ന് ഫിലിം ചേംബർ അറിയിച്ചതിനെത്തുടർന്ന് സി.പി.ചാക്കോ മുൻ നിർമാതാവും സിനിമയിലേക്ക് പണം മുടക്കിയ മറ്റൊരാളുമായി പുതിയ കരാർ ഉണ്ടാക്കിയിട്ട് കഷ്ടിച്ച് ഒരാഴ്ചയെ ആയിട്ടുള്ളു. മക്കൾ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ഒപ്പീസ് ബാക്കിയാക്കിയാണ് സി.പി.ചാക്കോയുടെ മടക്കം.
ബെംഗളൂരുവിലേക്കുള്ള സി.പി.ചാക്കോയുടെ യാത്ര മകന് വേണ്ടിയായിരുന്നു. തൊടുപുഴയിൽ ലഹരിവിമുക്ത ചികിൽസ പൂർത്തിയാക്കിയ ഷൈൻ പുനരധിവാസത്തിന്റെ ഭാഗമായി ബെംഗളൂരുവിലെ കേന്ദ്രത്തിലേക്ക് പോകാൻ താൽപര്യപ്പെടുകയായിരുന്നു. ഏറെ നാളുകളായി മകനൊപ്പം എല്ലായിടത്തും പിതാവ് സി.പി.ചാക്കോയും അമ്മയും ഉണ്ടായിരുന്നു. യാത്രകളിലും താമസസ്ഥലത്തും എല്ലാം ആ പിതാവിന്റെ കണ്ണുണ്ടായി. അനുസരണയോടെ ആ കൈ പിടിച്ച് നടന്നു ഷൈൻ.
എന്നാൽ കുടുംബത്തെ വേദനയിലാഴ്ത്തിയ ഒരുപാട് സംഭവങ്ങളും ഇതിനിടെയുണ്ടായി. കൊച്ചിയിൽ ചില ഹോട്ടലുകളിൽ ഷൈനിനായി റൂമെടുക്കാൻ അന്വേഷണവുമായി എത്തിയപ്പോൾ എല്ലാം ഫുൾ എന്ന് മറുപടി. ഒരുപാടിടങ്ങളിൽ നിന്നുള്ള മറുപടിയുണ്ടാക്കിയ വേദന ചെറുതല്ലെന്ന് ഷൈനിനൊപ്പമുള്ളവർ പറയുന്നു. അപകടമുണ്ടാക്കിയ കാർ യാത്ര പോലും കുടുംബം തെരഞ്ഞെടുത്തത് മറ്റ് വഴികളില്ലാതെയാണ്. പൊതുയിടത്തിൽ ചോദ്യങ്ങളും നോട്ടങ്ങളും അസഹനീയമായപ്പോഴാണ് ബെംഗളൂരുവിലേക്കുള്ള വിമാനയാത്ര കുടുംബം ഒഴിവാക്കിയതും. പ്രകൃതിയോടിണങ്ങി സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്ന ഷൈനിന്റെ ആഗ്രഹത്തിന് ഒപ്പമായിരുന്നു സി.പി.ചാക്കോ. ബെംഗളൂരുവിൽ തന്നെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉള്ളതിനാൽ പിന്നെ ആ യാത്ര അവർ ഉറപ്പിക്കുകയായിരുന്നു.