കടല്‍ ഇരമ്പുവോളം, മഴ പെയ്യുവോളം, കാറ്റ് വീശുവോളം നമുക്ക് കേള്‍ക്കാനുള്ള സ്വരമാധുരി ബാക്കിയാക്കി മടങ്ങിയ ഗായകന്റെ ജന്മദിനമാണിന്ന്.എസ് പി ബാലസുബ്രമണ്യത്തിന്റെ. മനസിന്റെ നവരസങ്ങള്‍ക്കും ചേരുന്ന പാട്ടുകള്‍ പാടിത്തന്ന് കടന്ന് പോയ എസ്.പി.ബി അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ സ്മരിക്കപ്പെടുന്നതിന് കാരണം പാട്ടല്ലാതെ വേറെന്താണ്.
വലുതാവുമ്പോള്‍ എഞ്ചിനിയര്‍ ആകണമെന്ന് മോഹിച്ച ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രമണ്യം പാട്ടുകാരനായത് സുകൃതബാക്കിയാണെന്നാണ് അദ്ദേഹം എന്നും പറയാറുള്ളത്. പൂര്‍വജന്മത്തില്‍ എന്തോ ഒന്ന് പൂര്‍ത്തിയാവാെത ഉണ്ടായിരുന്നിരിക്കണം. അത് തീര്‍ക്കാന്‍ ഈ ജന്മം തന്നു ഈശ്വരന്‍ . കോളജിലും കൂട്ടുകാര്‍ക്കിടയിലും മാത്രം പാടി നടന്ന കാലത്തും, റേഡിയോയില്‍ സ്വന്തം പാട്ടുകള്‍ വന്നുതുടങ്ങിയപ്പോഴും തന്നെ കേള്‍ക്കാന്‍ കൊതിക്കുന്ന ആള്‍ക്കൂട്ടം ഈ ഭൂമിയില്‍ ഉണ്ടാവുമെന്ന് ബാലു കരുതിയതേയില്ല.
പ്രണയിക്കാനും വിരഹവേദനയില്‍ കണ്ണുനീരിന് കൂട്ടാവാനും ബാലുവിന്റെ പാട്ടുകള്‍ ഒന്നിന് പിറകെ ഒന്നായി എത്തിയ എണ്‍പതുകള്‍ തൊണ്ണൂറുകള്‍.. എം എസ് വിശ്വനാഥന്‍,ഇളയരാജ, കെ വി മഹാദേവന്‍ അങ്ങനെ നിരവധി പ്രതിഭകള്‍ക്കൊപ്പം മുഹമ്മദ് റഫിയെ ആരാധിച്ച പാട്ടുകാരന്റെ സംഗീതപ്രയാണം. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല എന്ന് പറയാന്‍ മടിയില്ലായിരുന്നു അദ്ദേഹത്തിന്. സ്വരങ്ങള്‍ അതിന്റെ വിന്യാസം ഒക്കെയുള്ള ഒരു നോട്ട് തന്നാല്‍ എനിക്ക് പറ്റില്ലട്ടോ, ഞാനിത് പഠിച്ച് പാടി വരുമ്പോളേക്കും പത്ത് ദിവസമെങ്കിലും എടുക്കും എന്ന് പറയാന്‍ മടിയില്ലാത്ത എസ് പി ബിയാണ് ശങ്കരാഭരണത്തിലെ പാട്ട് പാടി ഞെട്ടിച്ചത്.
ഏതാണ്ട് പതിനാറ് ഭാഷകളിലായി നാല്‍പ്പതിനായിരത്തോളം പാട്ടുകള്‍. പാട്ടുകാരന്‍ മാത്രമായിരുന്നില്ല ബാലു. നടന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നിര്‍മാതാവ് അങ്ങനെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട എത്രയോ രൂപങ്ങള്‍. ഇടതുകൈ ചെയ്യുന്നത് വലത് കൈ അറിയരുത് എന്ന നിഷ്കര്‍ഷയുള്ള ആളായിരുന്നു. ഒരിക്കല്‍ പെരുമഴയത്ത് വഴിയരികില്‍ ഉറങ്ങുന്ന ഭിക്ഷക്കാര്‍ക്ക് പുതയ്ക്കാന്‍ കമ്പിളിപ്പുതപ്പും, ഭക്ഷണവും കൊണ്ട്ക്കൊടുത്ത് ആളറിയിക്കാതെ തിരികെപ്പോന്ന ഒരു എസ് പി ബിയെ അധികമാര്‍ക്കും പരിചയമുണ്ടാവില്ല. അസുഖബാധിതനായിക്കിടന്നപ്പോഴും ഇളയരാജയുടെ ഒരു വിളിയില്‍ എഴുന്നേറ്റ് വരുമെന്ന് കരുതിയ ബാലു പക്ഷെ വന്നില്ല. ഇനിയുമെത്രയോ കേള്‍ക്കാനുണ്ട് ആ സ്വരമാധുരി. സന്യസിക്കാനില്ല ഞാന്‍,ജീവിതം ആഘോഷമാക്കി ജീവിക്കണം എനിക്ക് എന്നാശിച്ചിരുന്നത്കൊണ്ട് ഇനിയും പിറന്നേക്കും ബാലു. ഭൂമിയില്‍ നിന്ന് മാഞ്ഞുപോയവര്‍ക്ക് ജന്മദിനം ആശംസിക്കാമോ എന്നറിയില്ല എങ്കിലും ആ പാട്ടുകള്‍ക്ക് മരണമില്ലാത്തത് കൊണ്ട് പ്രിയപ്പെട്ട പാട്ടുകാരാ പിറന്നാളാശംസകള്‍.