പാകിസ്ഥാന്‍ കാരണം അമ്മയുടെ സംസ്കാര ചടങ്ങില്‍ പോലും പങ്കെടുക്കാനായില്ലെന്ന് ഗായകന്‍ അദ്നാൻ സമി. തനിക്ക് പാക്കിസ്ഥാനില്‍ ഒരു കുടുംബമുണ്ടെന്നും എന്നാല്‍ അമ്മയെ അവസാനമായി ഒരു നോക്ക് കാണാനായില്ലെന്നും ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്നാൻ സമി പറഞ്ഞു. പാകിസ്ഥാനില്‍ ജനിച്ച അദ്നാൻ സമി 2016ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അദ്നാൻ സമിയുടെ അമ്മ മരിച്ചത്. പാക്കിസ്ഥാനിലേക്ക് പോകാന്‍ ഇന്ത്യ അനുവാദം നല്‍കിയെങ്കിലും പാക്കിസ്ഥാന്‍ വീസ നല്‍കിയില്ലെന്ന് അദ്നാൻ സമി പറഞ്ഞു.
'പാക്കിസ്ഥാനിലേക്ക് പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ ഇന്ത്യയിലെ അധികൃതര്‍ യാതൊരു തടസവും പറഞ്ഞില്ല. താങ്കളുെട അമ്മ മരിച്ചുപോയതല്ലേ, തീര്‍ച്ചയായും പോകണമെന്ന് അവര്‍ പറഞ്ഞു. വീസയ്ക്ക് അപേക്ഷിച്ചെങ്കിലും പാക്കിസ്ഥാന്‍ നിഷേധിച്ചു. എന്‍റെ അമ്മ മരിച്ചുപോയി എന്ന് പറഞ്ഞിട്ടും അവര്‍ നിരസിച്ചു. എനിക്ക് പോകാനായില്ല. വാട്സാപ്പ് വിഡിയോ കോളിലൂടെയാണ് അമ്മയുടെ സംസ്കാര ചടങ്ങുകള്‍ ഞാന്‍ കണ്ടത്,' അദ്നാൻ സമി പറഞ്ഞു.