Image: X

നിരവധി തമിഴ്–മലയാള ചിത്രങ്ങളില്‍ അഭിനയിച്ച നടന്‍ രാജേഷ്(75) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വച്ച് ഹൃദയാഘാതമുണ്ടായതിന് പിന്നാലെയായിരുന്നു അന്ത്യം. രാവിലെ എഴുന്നേറ്റതിന് പിന്നാലെ രക്തസമ്മര്‍ദം കുറയുന്നതായി അനുഭവപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയിലേക്ക്  പോകാനൊരുങ്ങവേയാണ് ഹൃദയാഘാതമുണ്ടായത്. മൃതദേഹം ചെന്നൈ രാമപുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനായി വച്ചിരിക്കുകയാണ്. 

വില്യംസ്– ലില്ലി ഗ്രേസ് ദമ്പതികളുടെ മകനായി മണ്ണാര്‍ഗുഡിയില്‍ ജനിച്ച അദ്ദേഹം 1972 മുതല്‍ 1979 വരെ അധ്യാപകനായി ജോലി ചെയ്തു. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത 'അവള്‍ ഒരു തുടര്‍ക്കഥൈ' എന്ന ചിത്രത്തിലൂടെയാണ് രാജേഷിന്‍റെ അരങ്ങേറ്റം. 1979 ല്‍ പുറത്തിറങ്ങിയ കണ്ണി പാറുവാതിലേയിലാണ് രാജേഷ് നായകനായി ഉയര്‍ന്നു. നീണ്ട അരനൂറ്റാണ്ടോളം നടനും എഴുത്തുകാരനും ഡബ്ബിങ് ആര്‍ടിസ്റ്റായും രാജേഷ് ചലച്ചിത്ര മേഖലയില്‍ നിറഞ്ഞു നിന്നു. 

കമല്‍ഹാസനൊപ്പമുള്ള സത്യ, വിരുമാണ്ടി, മഹാനദി തുടങ്ങിയവ ഏറെ ജനപ്രീതി നേടിയിരുന്നു. വിജയ് സേതുപതിക്കും കത്രീനയ്ക്കുമൊപ്പം ചെയ്ത 'മെറി ക്രിസ്മസ്' ആണ് അവസാന ചിത്രം. അടുത്തകാലത്തായി സിനിമാത്തിരക്കുകളില്‍ നിന്നകന്ന് ഹോട്ടല്‍–റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ശ്രദ്ധിക്കുകയായിരുന്നു രാജേഷ്. രാജേഷിന്‍റെ മരണത്തില്‍ രാധികാ ശരത്കുമാര്‍ നിര്‍മാതാവും എഴുത്തുകാരനുമായ ജി.ധനഞ്ജയന്‍ തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളിലൂട അനുശോചനം രേഖപ്പെടുത്തി.

ENGLISH SUMMARY:

Renowned actor Rajesh, who played memorable roles in numerous Tamil and Malayalam films, has passed away at the age of 75 following a heart attack at his residence in Chennai. He had complained of low blood pressure after waking up in the morning and was preparing to go to the hospital when the fatal cardiac event occurred