സോഷ്യല്‍ മീഡയില്‍ ഒന്നാകെ വൈറല്‍ ഇപ്പോള്‍ ദിലീപിന്‍റെ ഒരു പൊലീസ് ചിത്രമാണ്. ചുരണ്ടമുടിയുമായി ചുണ്ട് വീര്‍ത്ത് പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ചിത്രം സേതു ശിവാനന്ദനാണ്. ക്യാരക്ടർ കൺസപ്റ്റ്സ് എന്ന നിലയിലാണ് സേതു ഈ ചിത്രം പങ്കുവച്ചിരിക്കുന്നത് വേഷപകർച്ച ചെയ്യാൻ ഏറ്റവും അനുയോജ്യം ദിലീപായതിനാല്‍ തന്നെ ഈ വേഷം പൊളിക്കുമെന്നാണ് കമന്‍റുകള്‍. കുഞ്ഞിക്കൂനനും, ചക്കരമുത്തു, ചാന്തുപൊട്ടും, മായാമോഹിനിയും ചെയ്ത ദിലീപ് ഏതു വേഷവും കലക്കുമെന്നും കമന്‍റുകളുണ്ട്.
ഹോളിവുഡിലും ബോളിവുഡിലും കോടികൾ മുടക്കി ചെയ്യുന്ന പ്രോസ്തെറ്റിക്സ് മേക്കപ്പ് മലയാളത്തില്‍ ആദ്യമായി കൊണ്ടുവന്നത് സേതു ശിവാനന്ദനാണ്. ബറോസ് സിനിമയിൽ മോഹൻലാലിന്‍റെ കഥാപാത്രത്തെ അദ്ദേഹത്തിന്‍റെ ഭാവനക്കനുസരിച്ച് ഡിസൈൻ ചെയ്‌തത് സേതുവാണ്. ബറോസ് എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും, സാങ്കൽപ്പിക ലോകത്തിന്‍റെയും ഡിസൈന് പിന്നിൽ സേതുവിന്‍റെ കരങ്ങൾ കൂടിയുണ്ട്.
2008 ബിഎസ്എ പഠിച്ച സമയത്താണ് സേതു സിനിമയിൽ എത്തുന്നത്. 2012ൽ അർദ്ധനാരി സിനിമയുടെ സമയത്ത് പട്ടണം റഷീദിനെ പരിചയപ്പെട്ടു. വിജയരാഘവന്റെ 90 വയസ്സിലെ സെക്ച്ച് ചെയ്യാനായിരുന്നു സേതുവിന് കിട്ടിയ നിർദേശം. അത് മനോഹരമായി പൂർത്തിയാക്കിയതോടെ അടുത്ത പടവും കിട്ടി. പത്തേമാരി. അതാണ് സേതുവിന്റ കരിയറിലെ ബ്രേക്ക് ആയിമാറിയത്. ആദ്യം മേക്കപ്പ് ആർട്ടിസ്റ്റുകളാണ് ഇത്തരം വർക്കുകൾക്ക് വിളിച്ചിരുന്നത്. ഇപ്പോൾ സംവിധായകരും ഇതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നു. ഒടിയനിൽ തുടങ്ങി ബറോസ്, ട്വൽത്ത് മാൻ, എലോൺ തുടങ്ങിയ മോഹൻലാലിന്റെ പ്രോജക്ടുകളുടെയെല്ലാം കഥാപാത്രങ്ങളുടെ രൂപഭാവം സേതുവാണ് കണ്ടെത്തിയത്.