തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടായി തീര്‍ക്കുകയാണെന്നും ആരോപിച്ച് മുന്‍ മാനേജര്‍ വിപിന്‍കുമാര്‍. ഇന്നലെയാണ് നടനെതിരെ തന്നെ മര്‍ദിച്ചെന്ന പരാതിയുമായി വിപിന്‍ രംഗത്തെത്തിയത്. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിന്‍ പറയുന്നു. നരിവേട്ടയെ പ്രശംസിച്ചതാണ് മർദ്ദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്. വിശദമായ മൊഴി പോലീസിന് നൽകിയിട്ടുണ്ടെന്നും വിപിന്‍ പറഞ്ഞു.

‘നരിവേട്ടയെ പ്രശംസിച്ചുള്ള തന്റെ പോസ്റ്റിനു പിന്നാലെ ഉണ്ണിയുമായി തര്‍ക്കമുണ്ടാവുകയും പിന്നാലെ ഫ്ലാറ്റിലെത്തി മര്‍ദിക്കുകയായിരുന്നെന്നും വിപിന്‍ പറയുന്നു. മാര്‍ക്കോയ്ക്കു ശേഷം ഒരു സിനിമയും വിജയിച്ചില്ല. ആറു വര്‍ഷമായി പുള്ളിയുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്, പടം വിജയിക്കാത്തതിന്റെ ഫ്രസ്ട്രേഷന്‍ തീര്‍ക്കുന്നത് കൂടെയുള്ളവരോടാണ്, കൂടെയുണ്ടായിരുന്ന ആരും ഇപ്പോഴില്ല, എനിക്ക് കേള്‍ക്കാവുന്നതിനു ഒരു പരിധിയുണ്ടല്ലോ, പുതിയ പടങ്ങളൊന്നും കിട്ടുന്നുമില്ല, സമീപകാലത്ത് ചെയ്യാനിരുന്ന പടത്തില്‍ നിന്നും ഗോകുലം ഗോപാലന്‍ ഗ്രൂപ് പിന്‍മാറി, നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ട അന്നുരാത്രി ഉണ്ണി വിളിച്ചിട്ടു പറഞ്ഞു, ഇനി മാനേജര്‍ പണിവേണ്ടെന്ന്, ഞാന്‍ ഓകെ പറഞ്ഞു.നരിവേട്ടയ്ക്കു വേണ്ടി താന്‍ വര്‍ക് ചെയ്യുന്നതാണ്. അതുകൊണ്ടാണ് പോസ്റ്റിട്ടത്, ഫിലിം ഇന്‍ഡസ്ട്രിയില്‍ നടക്കുന്ന പല കാര്യങ്ങളുണ്ട്, അതൊക്കെ താന്‍ വഴിയേ പറയാം. വേറെ ഒരു താരം സമ്മാനമായി തന്ന തന്റെ കണ്ണാടി ഉണ്ണി ചവിട്ടിപ്പൊട്ടിച്ചെന്നും വിപിന്‍ മാധ്യമങ്ങളോട് പറഞ്ഞു.  

തന്റെ ഫ്ലാറ്റിൽ വന്ന് പാർക്കിങ് ഏരിയയിലേക്ക് ഇറങ്ങിവരാന്‍ പറഞ്ഞാണ് മര്‍ദിച്ചതെന്നും വിപിന്‍കുമാര്‍ പറഞ്ഞു. കാക്കനാട്ടെ ഫ്ലാറ്റില്‍വച്ചാണ് മര്‍ദിച്ചത്.  ഇന്‍ഫോപാര്‍ക്ക് പൊലീസിനാണ് പരാതി നല്‍കിയത്. മാനേജരുടെ മൊഴി പരിശോധിച്ചതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സിനിമ സംഘടനയായ ഫെഫ്കയിലും മാനേജർ പരാതി നൽകിയിട്ടുണ്ട്. 

ENGLISH SUMMARY:

Former manager Vipin Kumar has alleged that actor Unni Mukundan is taking out his frustration over a series of film failures on others. Vipin came forward with a complaint yesterday, stating that the actor assaulted him. He claims to be a film professional who has worked for several movies. According to Vipin, the assault happened because he praised the film Narivetta. He also stated that complaints have been submitted to film organizations and that a detailed statement has been given to the police.