നടന്‍ ഉണ്ണി മുകുന്ദനില്‍ നിന്ന് ദുരനുഭവമുണ്ടാകുന്നത് ആദ്യമായല്ലെന്ന് മാനേജരായിരുന്ന വിപിന്‍കുമാര്‍. ആറുവർഷമായി ഉണ്ണി മുകുന്ദന്റെ മാനേജർ ആയി പ്രവർത്തിക്കുന്ന തനിക്കുണ്ടായ ദുരനുഭവങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് വിപിൻ കുമാർ പൊലീസില്‍ പരാതി നല്‍കിയത് . പരാതിയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു . ഉണ്ണി മുകുന്ദന്‍റെ ‘മാർക്കോ’ എന്ന വിജയചിത്രത്തിനു ശേഷം വന്ന ‘ഗെറ്റ് സെറ്റ് ബേബി’ തികഞ്ഞ പരാജയമായത് താരത്തെ നിരാശയിലാക്കി. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും ഉണ്ണി മുകുന്ദൻ അസ്വാരസ്യത്തിലാണെന്ന് വിപിന്‍റെ പരാതിയിൽ പറയുന്നു. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയതും ‘മാർക്കോ’യ്ക്കു ശേഷം നല്ല ചിത്രങ്ങളൊന്നും ലഭിക്കാത്തതും താരത്തെ വിഷമിപ്പിച്ചിരുന്നു. ഇതിന്‍റെ നിരാശയെല്ലാം കൂടെയുള്ള തൊഴിലാളികളോടാണ് താരം തീർക്കുന്നതെന്നും മുൻപ് ഒപ്പമുണ്ടായിരുന്നവരെല്ലാം താരത്തിന്‍റെ മോശം സ്വഭാവം കാരണം രാജിവച്ചു പോയതാണെന്നും വിപിൻ പറയുന്നു.
ഇതിന് പിന്നാലെ ഉണ്ണിയെ പിന്തുണച്ച് രംഗത്ത് എത്തിയിരുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഉണ്ണി മുകുന്ദനിലെ നടനേക്കാൾ തനിക്ക് ഇഷ്ടം അദ്ദേഹത്തിലെ വ്യക്തിയെയാണന്നും വന്ന വഴി മറക്കാത്ത താരമാണെന്നും അതിനാൽ നടൻ വിജയിക്കുമെന്നുമാണ് ഒമർ ലുലു ഫെയ്സ്ബുക്കിൽ കുറിച്ചത്. ഒരു വിജയം വന്നാൽ സ്വന്തം അപ്പനോട് പോലും 'കോൻ ഏ തൂ?' എന്ന് ചോദിക്കുന്ന, വല്ല്യചന്ദനാദി തൈലം തേച്ച് എന്നും കുളിച്ചാൽ പോലും എല്ലാം മറക്കുന്ന സിനിമാക്കാരിൽ വന്ന വഴി മറക്കാത്ത നന്ദിയുള്ള ഒരു മനുഷ്യൻ, അയാൾ വിജയിച്ചിരിക്കും എന്നായിരുന്നു ഒമർ ലുലുവിന്റെ വാക്കുകൾ.
കുറിപ്പ്
എനിക്ക് ഉണ്ണിമുകുന്ദൻ എന്ന നടനേക്കാളും അയാളെന്ന വ്യക്തിയെയാണ് കൂടുതൽ ഇഷ്‌ടം ഞാന്‍ കണ്ട സിനിമാക്കാരിൽ വല്ല്യ കള്ളത്തരം ഒന്നും ഉള്ളിൽ ഒളിപ്പിക്കാത്ത,മുഖത്ത് നോക്കി കാര്യം പറയുന്ന വളരെ ജെനുവിനായ ഒരു മനുഷ്യൻ. ഒരു വിജയം വന്നാൽ സ്വന്തം അപ്പനോട് പോലും "കോൻ ഏ തൂ" എന്ന് ചോദിക്കുന്ന,വല്ല്യചന്ദനാദി തൈലം തേച്ച് എന്നും കുളിച്ചാ പോലും എല്ലാം മറക്കുന്ന സിനിമാക്കാരിൽ , വന്ന വഴി മറക്കാത്ത നന്ദിയുള്ള ഒരു മനുഷ്യൻ ...അയാൾ വിജയിച്ചിരിക്കും