‘മാളികപ്പുറം’ സിനിമയുമായി ബന്ധപ്പെട്ട് യുട്യൂബര്‍ സീക്രട്ട് ഏജന്റ് എന്ന സായി കൃഷ്ണയും ഉണ്ണി മുകുന്ദനും തമ്മിലുള്ള കോള്‍ റെക്കോര്‍ഡിങ് വൈറലായിരുന്നു. സിനിമയെ വിമര്‍ശിച്ചുകൊണ്ട് സീക്രട്ട് ഏജന്റ് ചെയ്ത വിഡിയോക്ക് പിന്നാലെയായിരുന്നു വിവാദങ്ങളുടലെടുത്തത്. പിന്നാലെ ഉണ്ണി മുകുന്ദന്‍ സായിയെ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
വീണ്ടും ഇരുവരും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇത്തവണ തര്‍ക്കമോ വഴക്കോ ഒന്നുമല്ല, സൗഹൃദസംഭാഷണമാണ്.
ഒരു ക്രിക്കറ്റ് മല്‍സരത്തിന് ശേഷമാണ് സായിയും ഉണ്ണി മുകുന്ദനും കൈ കൊടുത്ത് സൗഹൃദം പങ്കുവച്ചത്. ആദ്യം ഒന്ന് മടിച്ചുനിന്ന സായിയെ ഉണ്ണി മുകുന്ദന്‍ തന്നെ അടുത്തേക്ക് വിളിക്കുകയായിരുന്നു. താരം തന്നെ തങ്ങളുടെ ഫോട്ടോ എടുക്കാനും ആവശ്യപ്പെട്ടു. ഇതിനുശേഷം സായിയും ഉണ്ണിയും മാറിനിന്ന് സംസാരിക്കുകയായിരുന്നു. ശത്രുക്കള്‍ ഇനി ഉറ്റ സുഹൃത്തുക്കളാവുമോ എന്നാണ് വിഡിയോ കണ്ട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
മുന്‍പ് ഉണ്ണി മുകുന്ദനും പ്രഫഷനല്‍ മാനേജരായിരുന്ന വിപിന്‍ കുമാറും തമ്മിലുള്ള പ്രശ്നത്തിലും താരത്തെ പിന്തുണച്ച് സായി കൃഷ്ണ രംഗത്തെത്തിയിരുന്നു. മതവും, വെറുപ്പും ഉപയോഗിച്ച് മാർക്കറ്റ് ചെയ്യുകയെന്നുള്ളത് മാത്രമാണ് വിപിന്‍ കുമാറിന് അറിയുന്നതെന്നും ഉണ്ണി മുകുന്ദന് സംഘി പേര് ലഭിച്ചതിന് കാരണം ഇവനാണെന്നും സായി കൃഷ്ണ യൂട്യൂബ് വിഡിയോയില്‍ പറഞ്ഞിരുന്നു.