തമിഴ് സിനിമാ രംഗത്ത് സജീവ സാന്നിധ്യമായിരിക്കുകയാണ് നടി സ്വാസിക. പുതിയ ചിത്രം മാമൻ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. നടൻ പ്രേം ജേക്കബ് ആണ് സ്വാസികയുടെ ഭർത്താവ്. പ്രണയിച്ച് വിവാഹം ചെയ്തവരാണിവർ. അമ്മയാകാനുള്ള ആഗ്രഹത്തെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസികയിപ്പോൾ.
ഞങ്ങൾക്ക് ഫാമിലി പ്ലാനുണ്ടെന്നും കല്യാണത്തിന് മുമ്പേ അത് സംസാരിച്ചതാണെന്നും താരം പറയുന്നു.‘അമ്മയാകുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. എത്ര കുട്ടികൾ വേണം എന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷെ എന്തായാലും അമ്മയാകണം എന്നുണ്ട്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയതേയുള്ളൂ. ചിലപ്പോൾ അടുത്ത വർഷം ആയിരിക്കും. എന്റെ വീട്ടിലും എല്ലാവർക്കും താൽപര്യമാണ്. അടുത്ത പ്രാവശ്യം മദേഴ്സ് ഡേയ്ക്ക് തിരിച്ച് വിഷ് ചെയ്യാൻ പറ്റണമെന്ന് എല്ലാവരും പറഞ്ഞു’, സ്വാസിക പറയുന്നു.
സ്വാസികയുടെ വാക്കുകള്‍
എന്റെ സങ്കൽപ്പത്തിൽ എല്ലാം ബാലൻസ് ചെയ്യാൻ പറ്റുന്ന സ്ത്രീകളാണ് നല്ലത്. വർക്കും ഫാമിലി ലൈഫും നന്നായിട്ട് മാനേജ് ചെയ്യാൻ പറ്റണം. വലിയ പൊസിഷനിലിരിക്കുന്ന അങ്ങനെ ഒരുപാട് സ്ത്രീകളെ എനിക്ക് അറിയാം. അവരുടെ ഫാമിലി ലെെഫ് വളരെ ഗംഭീരമായി മാനേജ് ചെയ്ത് പോകും. ഭർത്താവിനും മക്കൾക്കും ഇഷ്ടപ്പെട്ട സാധനങ്ങൾ കുക്ക് ചെയ്ത് കൊടുത്തിട്ട് വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്നവരുണ്ട്. ഞാൻ ആഗ്രഹിക്കുന്നത് അങ്ങനെ ആകാനാണ്.
എല്ലാം ബാലൻസ് ചെയ്ത് കൊണ്ട് പോകാൻ എനിക്ക് പറ്റണം. ഇതുവരെ എനിക്ക് പറ്റിയിട്ടില്ല. ആർട്ടിസ്റ്റുകളുടെയും മറ്റും റീലുകളിൽ അമ്മമാരുടെ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നത് കാണാറുണ്ട്. പത്ത് വർഷം കഴിയുമ്പോൾ അങ്ങനെയൊരു അമ്മമാരെക്കുറിച്ച് പറയാൻ നമുക്ക് ടോപിക് ഉണ്ടാകില്ല. ഞാൻ വർക്ക് ചെയ്യുന്ന അമ്മയായത് കൊണ്ട് ഇതിനുള്ള സമയമില്ലെന്നാണ് പറയുന്നത്. അമ്മയുടെ രുചി എന്ന് പറയാൻ നമുക്ക് പറ്റുമോ എന്നറിയില്ല.
എനിക്ക് നാളെ മക്കളുണ്ടായാൽ എനിക്ക് തന്നെ എന്റെ മക്കൾക്ക് കുക്ക് ചെയ്ത് കൊടുക്കാൻ പറ്റണേ എന്നാണ് എന്റെ ആഗ്രഹം. എനിക്ക് നന്നായി കുക്ക് ചെയ്യാൻ പറ്റുമോ എന്നറിയില്ല. എന്റെ ആഗ്രഹമാണത്. ചെന്നെെയിലെ വീട്ടിൽ കുറച്ച് സമയം ഫ്രീയായി കിട്ടുമ്പോൾ പത്ത് മിനുട്ട് കൊണ്ട് എളുപ്പത്തിൽ കുക്ക് ചെയ്ത് എന്ത് കൊടുക്കാൻ പറ്റുമെന്നാണ് ചിന്തിക്കാറ്. പക്ഷെ ഞാൻ പുറത്ത് പോകുന്നുമുണ്ട്. എല്ലാം ഒരേ പോലെ കൊണ്ട് പോകാൻ തനിക്ക് കഴിയുമെന്നാണ് കരുതുന്നതെന്നും സ്വാസിക വ്യക്തമാക്കി.