പെര്‍ഫെക്ഷനും പെര്‍ഫോമന്‍സും കൂടുതല്‍ വേണ്ടത് സംവിധായകനാണെന്ന് ദിലീഷ് പോത്തന്‍. നടനായിരിക്കുക എളുപ്പമാണ്. റിസ്ക് ഉള്ളതുകൊണ്ടാണ് ചിരിപ്പടങ്ങള്‍ ഉണ്ടാകാത്തതെന്നും ദിലീഷ്. പ്രസ്ക്ലബിന്‍റെ സംവാദ പരിപാടിയിലായിരുന്നു ദിലീഷ് പോത്തന്‍റെ പ്രതികരണം.
സിനിമ സംവിധായകന്‍റെ കലയാണ്. അതുകൊണ്ടു തന്നെ എല്ലാ കഴിവുകളും പ്രയോഗിക്കേണ്ടതും ആവശ്യമാണ്. നടനായിരിക്കാന്‍ എളുപ്പമാണ്. ജീവിതത്തിലുള്ള അഭിനയം സിനിമയില്‍ കാണിക്കുന്നെന്നേയുള്ളുവെന്നും ദിലീഷ്പോത്തന്‍.
വന്‍തുക ചിലവിട്ടുള്ള പ്രചാരണ രീതിയേയും ദിലീഷ് പോത്തന്‍ തള്ളുന്നു. പ്രചാരണം കൊണ്ട് സിനിമയെ പരിചയപ്പെടുത്താന്‍ മാത്രമേ കഴിയൂ. നല്ല ചിത്രമാണെങ്കിലേ തീയേറ്ററില്‍ ആള് കയറുകയുള്ളു. ഹാസ്യ ചിത്രങ്ങള്‍ വലിയ റിസ്ക് ആയതിനാലാണ് ചിരിപ്പടങ്ങള്‍ എടുക്കാന്‍ സംവിധായകരും നിര്‍മാതാക്കളും മുന്നോട്ട് വരാത്തത്. കൊല്ലം പ്രസ്ക്ലബ്ബിന്‍റെ ഫോട്ടോ എക്സിബിഷന്‍ സ്റ്റില്ലത്തിന്‍റെ ഭാഗമായിരുന്നു സംവാദം. പുതിയ ചിത്രമായ റോന്തിന്‍റെ അണിയറക്കാരും ഒപ്പമുണ്ടായിരുന്നു.