tom-and-jerry

ടോം ആന്‍ഡ് ജെറിയ്ക്കു 85 വയസ്. രണ്ടു പേരുടേയും ഒരിക്കലും അവസാനിക്കാത്ത യുദ്ധം തുടരുന്നു. ആ വാര്‍ അവസാനിക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ലെന്നത് മറ്റൊരു യാഥാര്‍ഥ്യം. നമുക്ക് ഇതൊരു വിനോദമാണെങ്കില്‍ ആ എലിയ്ക്കും പൂച്ചയ്ക്കും അങ്ങനെയല്ല. പൂച്ചയ്ക്കു പ്രശ്നം വിശപ്പ്, എലിക്ക് അതിന്റെ ജീവനും. ഐതിഹാസിക പോരാട്ടം അവസാനമില്ലാതെ തുടരുമ്പോൾ പ്രേക്ഷകരെ നോക്കി ടോമും ജെറിയും അഭിമാനത്തോടെ പറയുകയാണ്, നമ്മുടെ ജോര്‍ജ് സാര്‍ പറയുന്നത് പോലെ....ഇതു ഞങ്ങളുടെ കഥയാടാ

85ാം വയസിലും രണ്ടും പേരും പരക്കം പായുകയാണ്. 1940 ഫെബ്രുവരി 10നാണ് ടോമും ജെറിയും ‘പുസ് ഗെറ്റ്സ് ദ് ബൂട്ട്’ എന്ന കൊച്ചുസിനിമയിലൂടെ പിറന്നുവീണത്. എംജിഎം കാർട്ടൂൺ ഡിപ്പാർട്മെന്റിലെ വില്യം ഹന്നയും ജോസഫ് ബാർബറയുമാണ് ടോമിനെയും ജെറിയെയും സൃഷ്ടിച്ചത്. പല കാർട്ടൂൺ പരീക്ഷണങ്ങളും പരാജയപ്പെട്ടതിനു ശേഷമായിരുന്നു ഇത്. ഹന്ന സ്റ്റോറിബോർഡ് ആർട്ടിസ്റ്റും ബാർബറ ഡയറക്ടറുമായിരുന്നു. പൂച്ചയും എലിയും തമ്മിലുള്ള സംഘർഷത്തിന്റെ ആശയം ബോസ് ആയ ഫ്രെഡ് ക്വിംബിക്കു മുന്നിൽ അവർ വച്ചു. മനസ്സില്ലാമനസ്സോടെയാണു ക്വിംബി അംഗീകാരം നൽകിയത്. ജാസ്പർ കാറ്റും ജിംക്സ് മൗസും ആയാണ് ആദ്യം അവതരിപ്പിച്ചത്.

1941ൽ ഇറങ്ങിയ രണ്ടാമത്ത എപ്പിസോഡായ ദ് മിഡ്നൈറ്റ് സ്നാക്കിലാണ് ടോം ആൻഡ് ജെറി എന്ന പേരിട്ടത്. ഫ്രെഡ് ക്വിംബി നിർമാതാവും ഹന്നയും ബാർബറയും സംവിധായകരുമായി. ആകെ 161 കൊച്ചു സിനിമകളിലാണ് ടോമും ജെറിയും നിറഞ്ഞാടിയത്. ഹന്ന – ബാർബറ കൂട്ടുകെട്ടിലെ 114 സിനിമകളിൽ 13 എണ്ണം ഓസ്കർ നോമിനേഷൻ നേടി. അനിമേഷന്റെ തലതൊട്ടപ്പനായ വാൾട്ട് ഡിസ്നിയുടെ മിക്കി മൗസ് പോലും അമ്പരന്ന നിമിഷം. 

പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മനസ് മടുക്കാതെ ടോമിന്റെ ശ്രമം തുടരുകയാണ്. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും പ്രിയപ്പെട്ടവരാണ് ഈ കഥാപാത്രങ്ങള്‍. ഒരേസ്വരത്തില്‍ എല്ലാവരും പറയുന്നു, എത്ര കണ്ടാലും മതിവരില്ല. 

ENGLISH SUMMARY:

Tom and Jerry @ 85: A ‘war’ everyone loves