പിറന്നാള്‍ ദിനത്തില്‍ ബയോഗ്രഫി പ്രഖ്യാപിച്ച് മോഹന്‍ലാല്‍. ‘മുഖരാഗം’ എന്ന പേരില്‍ തന്‍റെ ജീവചരിത്ര കഥ വരുന്നു എന്ന വിവരം മോഹന്‍ലാല്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഭാനുപ്രകാശാണ് ജീവചരിത്രം തയ്യാറാക്കിയത്. അഭിനയ ജീവിതത്തിന്റെ 47 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന 2025 ഡിസംബര്‍ 25ന് പുസ്തകം പ്രകാശനം ചെയ്യും. എംടി വാസുദേവന്‍ നായരാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. സംവിധായകരുടെയും തിരക്കഥാകൃത്തുകളുടെയും സഹപ്രവര്‍ത്തകരുടെയുമെല്ലാം അനുഭവങ്ങള്‍ പുസ്തകത്തിലുണ്ടാകും. നൂറിലധികം അധ്യായങ്ങളായി ആയിരത്തോളം പേജുകളാണ് പുസ്തകത്തില്‍ ഉണ്ടാവുക.
മോഹന്‍ലാലിന്‍റെ 65–ാം പിറന്നാള്‍ മലയാളമൊന്നാകെ കൊണ്ടാടുകയാണ്. സിനിമ, സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തിലെ പ്രമുഖരും ആരാധകരുമെല്ലാം താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. തുടരുമാണ് ഒടുവില്‍ പുറത്തുവന്ന മോഹന്‍ലാല്‍ ചിത്രം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ വന്‍വിജയം പിറന്നാളിന് മോഹന്‍ലാലിന് ഇരട്ടിമധുരമായി. ആഗോളതലത്തില്‍ ഇതിനകം ചിത്രം 200 കോടി ക്ലബിലെത്തുകയും കേരളത്തില്‍ മാത്രം 100 കോടി ക്ലബിലെത്തുകയും ചെയ്‍തിട്ടുണ്ട്.