TOPICS COVERED

കടുത്ത ബഹിഷ്കരണ ആഹ്വാനങ്ങള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയകളിലെ പ്രൊഫൈല്‍ ചിത്രം മാറ്റി ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സ്. അടുത്തിടെയാണ് ആമിര്‍ഖാന്റെ പ്രൊ‍ഡക്ഷന്‍ ഹൗസ്  സോഷ്യല്‍മീഡിയകളിലെ പ്രൊഫൈല്‍ ചിത്രം മാറ്റി ത്രിവര്‍ണപതാകയുടെ ചിത്രമാക്കിയത്. ഫെയ്സ്ബുക്ക്, എക്സ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ ആമിര്‍ഖാന്‍ പ്രൊ‍ഡക്ഷന്‍സ് പ്രൊഫൈല്‍ ചിത്രം മാറ്റിയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്.

ആമിര്‍ഖാന്റെ പുതിയ ചിത്രമായ 'സിതാരെ സമീന്‍ പര്‍' എന്ന ചിത്രത്തിന് ബഹിഷ്കരണാഹ്വാനങ്ങള്‍ ഉയരുന്നതിനിടെയാണ് പ്രൊഫൈല്‍ ചിത്രത്തിന്റെ മാറ്റം. ചിത്രത്തിന്റ ഭാഗമായി ബയോയില്‍ 'ഇവിടെ രീതികള്‍ കുറച്ച് വ്യത്യസ്തമാണ് ' എന്നും എഴുതിയിട്ടുണ്ട്.

ചിത്രം മാറ്റിയത് ബഹിഷ്കരണ ആഹ്വാനങ്ങള്‍ നടക്കുന്നതിനിടയിലെ 'ഡാമേജ് കണ്‍ട്രോള്‍' എന്നാണ് പലരും വിശേഷിപ്പിച്ചത്. ഇതിന് മുന്നേ ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ കമ്പനി ലോഗോ ആയിരുന്നു പ്രൊഫൈല്‍ ചിത്രം.

പഹല്‍ഗ്രാം ആക്രമണത്തെക്കുറിച്ചോ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചോ ആമിര്‍ഖാന്‍ സംസാരിച്ചിട്ടില്ല എന്നതാണ് പലരും ബഹിഷ്കരണാഹ്വാനത്തിന്റെ കാരണമായി പറയുന്നത്. ഇത്തരത്തില്‍  പ്രൊഫൈല്‍ ചിത്രം മാറ്റിയതിനാല്‍ ബഹിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നവരുടെ മനസ് മാറില്ലെന്നും ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമകള്‍ ബഹിഷ്കരിക്കുമെന്നും ജനങ്ങള്‍ ആവര്‍ത്തിച്ചു.

എന്നാല്‍ മറുവശത്ത് ആമിര്‍ഖാന്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സംസാരിച്ചിരുന്നെന്നും ഓര്‍മിപ്പിക്കുന്നവരുണ്ട്. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചും സായുധ സേനയെക്കുറിച്ചും ഇതേ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തത് എന്തുകൊണ്ട് ആളുകള്‍ മറക്കുന്നു എന്നും കമന്റുകള്‍ ഉയര്‍ന്നുവന്നിരുന്നു.

'പഹൽഗാം ആക്രമണത്തിന് ശേഷം എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിടുക. പഹൽഗാമിലെ മരണങ്ങൾക്ക് പ്രതികാരം ചെയ്യാൻ ഇന്ത്യ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ താൽപ്പര്യം മുൻനിർത്തി പ്രധാനമന്ത്രി തീരുമാനമെടുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു' എന്നാണ് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ വിഷയത്തില്‍ ആമിര്‍ഖാന്‍ പ്രതികരിച്ചത്.

ENGLISH SUMMARY:

Amid intense boycott calls, Aamir Khan Productions changed its profile pictures on major social media platforms, including Facebook, X (formerly Twitter), and Instagram, to an image of the Indian tricolour. The move triggered widespread criticism online after users noticed the update, with many interpreting it as a response to the ongoing backlash.